
തിരുവനന്തപുരം: മികച്ച നഴ്സിനുള്ള ദേശീയ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിനർഹയായി രാഷ്ട്രപതിയെ കാണാനുള്ള യാത്രയിലും മാതൃകാനഴ്സായി പി.ഗീത. കോഴിക്കോട് നിന്ന് ഡൽഹിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ സൈനികനായ സുമൻ എന്ന യുവാവ് കുഴഞ്ഞുവീണപ്പോൾ സമയോചിതമായി ഇടപ്പെട്ട് മൂന്നര മണിക്കൂർ നീണ്ട യാത്രയിലുടനീളം ഒപ്പമിരുന്നാണ് ഗീത തന്റെ കടമ നിറവേറ്റിയത്.
ഇന്നലെ രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെ 10.50ന്റെ എയർ ഇന്ത്യാ വിമാനത്തിലാണ് ഗീത ഭർത്താവ് സത്യപ്രകാശിനൊപ്പം യാത്രതിരിച്ചത്. വിമാനം ഉയർന്നതിന് പിന്നാലെ സുമന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിൽ ഡബ്ല്യു.എച്ച്.ഒയിലെ ഡോ.മുഹമ്മദ് അഷീൽ, പെരിന്തൽമണ്ണയിലെ ഡോ.പ്രേംകുമാർ എന്നിവരുണ്ടായിരുന്നു. തുടർന്ന് എയർഹോസ്റ്റസ് ഇവരുടെ സഹായം തേടി.
സുമന് നേരിയ ഹൃദയാഘാതമാണെന്ന് മനസിലാക്കിയ ഡോക്ടർമാരും ഗീതയും ചേർന്ന് സി.പി.ആർ നൽകി. വിമാനത്തിലെ മെഡിക്കൽ ബോക്‌സിലെ സാധനങ്ങൾ ഉപയോഗിച്ച് ഗീത ട്രിപ്പിടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ചെയ്തു. ഡൽഹിയിലെത്തുന്നത് വരെ ജവാനൊപ്പം നിലത്ത്രിരുന്ന് ഗീത സുമനെ പരിചരിക്കുകയും ചെയ്തു.
2020ലെ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരത്തിനാണ് ഗീത അർഹയായത്. കൊവിഡ് മഹാമാരിയെത്തുടർന്ന് അന്ന് ഓൺലൈനായി അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന 2021ലെ അവാർഡ്ദാന ചടങ്ങിലേയ്ക്കാണ് രാഷ്ട്രപതിയ്ക്കൊപ്പം ഫോട്ടോയുൾപ്പെടെ എടുക്കാൻ കഴിഞ്ഞവർഷത്തെ ജേതാക്കളെയും ക്ഷണിച്ചത്.
2019ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്കാരത്തിനും ഗീത അർഹയായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞമാർച്ചിൽ വിരമിച്ച ഗീത നിലവിൽ കോഴിക്കോട് നാഷണൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടാണ്. മകൾ: അനുശ്രീ.