ഉദിയൻകുളങ്ങര: ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് വേറ്റയിലെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാം 15ന് മുൻപായി അടച്ചു പൂട്ടണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പന്നിഫാമിലെ മാലിന്യ നിക്ഷേപം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.പരാതിയെത്തുടർന്ന് അടച്ചുപൂട്ടിയ കളിവിളാകം വാർഡിലെ കൈതറക്കുഴിയിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമാണ് വേറ്റയിലേക്ക് മാറ്റി സ്ഥാപിച്ചത്. അറവുശാലകളിൽ നിന്നും ലോറികളിൽ എത്തിക്കുന്ന മാംസാവശിഷ്ടങ്ങളും കോഴി മാലിന്യവുമാണ് പന്നികൾക്ക് ആഹാരമായി നൽകുന്നത്. ഉടമകളുടെ അനുവാദമില്ലാതെയാണ് സമീപ പ്രദേശങ്ങളിൽ മാലിന്യം സംഭരിച്ചിരുന്നത്.ഈ മാംസാവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ ജനവാസമേഖലയിൽ എത്തിക്കുന്നത് അവിടെ ദുർഗന്ധം വമിക്കുന്നതിന് ഇടയാക്കി. മാലിന്യ നിർമ്മാർജന സംവിധാനവും ബന്ധപ്പെട്ട അനുമതികളുമില്ലാതെ പ്രവർത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പാകുന്നത്.