തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഒക്ടോബറിലെ ശമ്പളം ഇന്ന് രാത്രിയോടെ നൽകിയേക്കും. സർക്കാർ ധനസഹായമായ 20 കോടി രൂപ കൂടി കിട്ടിയതോടെയാണ് ശമ്പള വിതരണത്തിന് വഴി തെളിയുന്നത്. തുക വൈകിട്ടോടെ അക്കൗണ്ടിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ നേരത്തെ സർക്കാർ അനുവദിച്ച 30 കോടി രൂപയും ബാങ്ക് ഓവർഡ്രാഫ്ടായ 30 കോടി രൂപയും ഉപയോഗിച്ചാണ് ശമ്പളം നൽകുന്നത്. ഈ മാസം അഞ്ചാം തീയതിയാണ് ശമ്പളം നൽകേണ്ടത്.

തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള ധാരണപ്രകാരം എല്ലാമാസവും അഞ്ചിനാണ് ശമ്പളം നൽകേണ്ടത്. സാമ്പത്തികപ്രതിസന്ധി കാരണമാണ് സർക്കാർ ധനസഹായം ഇത്തവണ വൈകിയത്. 50 കോടി രൂപ ആവശ്യപ്പെട്ട് രണ്ടാഴ്‌ച മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികാരണം 20 കോടി രൂപ മാത്രമാണ് ആദ്യഘട്ടത്തിൽ നൽകിയത്. ശമ്പളമുടക്കത്തിൽ വിമർശനമുയർന്നപ്പോഴാണ് ഇന്നലെ 30 കോടി രൂപ കൂടി അനുവദിച്ചത്.