തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പുലർച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിന്റെ തെളിവെടുപ്പ് പൂർത്തിയായതോടെ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുറവൻകോണം ഭാഗത്തെ അതിക്രമം, പീഡനശ്രമക്കേസുകളിൽ ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ പേരൂർക്കട പൊലീസ് ഇന്ന് അപേക്ഷ നൽകും.
കുറവൻകോണം സ്വദേശിനി അശ്വതി അനിലിന്റെ വീട്ടിൽ രണ്ടുതവണ ഇയാൾ അതിക്രമിച്ചുകയറി പൂട്ടുപൊളിക്കാൻ ശ്രമിച്ച സംഭവത്തിലും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി വീട് വാടകയ്ക്കെടുത്തു താമസിച്ചിരുന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കയറി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലുമാണ് പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
വനിതാ ഡോക്ടർക്കു നേരെ ആക്രമണമുണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആ പരിസരങ്ങളിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായതോടെ സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അതേസമയം ഇടുക്കിതൊടുപുഴയിൽ ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ തൊടുപുഴ പൊലീസും സന്തോഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ തൊടുപുഴ പൊലീസ് മ്യൂസിയം പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് സന്തോഷ് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി ഇയാളുടെ ഫോൺവിളിയുടെ രേഖകളും ടവർ ലൊക്കേഷനും ഔദ്യോഗിക യാത്രാരേഖകളും പരിശോധിച്ചുവരികയാണ്. ഇതിൽ വ്യക്തത ലഭിച്ചാൽ പേരൂർക്കട പൊലീസിന് പിന്നാലെ തൊടുപുഴ പൊലീസും സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിച്ചേക്കും.