
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്ത് വിവാദത്തിൽ പിടിച്ചുനിൽക്കാൻ അന്വേഷണങ്ങളെ കൂട്ടുപിടിച്ച് സി.പി.എം.മേയർ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു. പിന്നാലെ, പാർട്ടിതല അന്വേഷണമുണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അറിയിച്ചു.
ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ കേസന്വേഷിക്കും . സി.പി.എമ്മും അന്വേഷണത്തിന് തീരുമാനിച്ചതോടെ മേയറെ പ്രതിരോധിക്കാനുള്ള പാർട്ടി നിലപാട് ഉറപ്പിക്കപ്പെട്ടു.നഗരസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ പേരിലിറങ്ങിയ കത്തും അന്വേഷിക്കാനാണ് തീരുമാനം. ഈ കത്ത് തന്റേതു തന്നെയെന്ന് അനിൽ സമ്മതിച്ച സ്ഥിതിക്ക് അത് ചോർന്നത് പാർട്ടിയിലെ ചിലരുടെ കരുനീക്കമാണെന്ന സംശയത്തിലാണ് ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിലെ ശീതസമരമാണ് വിവാദങ്ങളിലേക്കെത്തിച്ചതെന്ന് സംസ്ഥാന നേതൃത്വവും കരുതുന്നു. പാർട്ടിയംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെത്തിയ വിവരം ചോർന്ന് മാദ്ധ്യമങ്ങളിലെത്തിയതാണ് ഉൾപ്പാർട്ടി പോരിന്റെ സൂചന ബലപ്പെടുത്തുന്നത്.. ജില്ലാ കമ്മിറ്റിക്ക് പുറമേ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചായിരുന്നു യോഗം. പാർട്ടിതല അന്വേഷണമുണ്ടാകുമെന്നും ,ഇതിന്മേൽ കൂടുതൽ ചർച്ച നടത്തി വിവാദങ്ങളെ പെരുപ്പിക്കേണ്ടെന്നുമാണ് ആനാവൂർ നാഗപ്പൻ യോഗത്തിൽ അറിയിച്ചത്.
മേയറുടെ പേരിൽ ഇങ്ങനെയൊരു കത്ത് പ്രചരിച്ചതിൽ നഗരസഭാ കക്ഷി സെക്രട്ടറിയുടെ ഭാഗത്ത് നോട്ടപ്പിശകുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഡി.ആർ. അനിലിനെതിരെ നടപടി ഏതാണ്ടുറപ്പായിട്ടുണ്ട്. അന്വേഷണ കമ്മിഷനെയൊന്നും നിശ്ചയിച്ചിട്ടില്ല. 11, 12 തീയതികളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നു.
മേയറുടെ രാജിക്ക്
പ്രതിപക്ഷം
അതേസമയം, മേയറുടെ രാജിക്കായി പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. ഇന്നലെ കോർപ്പറേഷന്റെ ഓഫീസിലും പരിസരത്തും നടന്ന സമരങ്ങൾ തലസ്ഥാനനഗരിയെ കലാപ കലുഷിതമാക്കി. ഗവർണറെയും ബി.ജെ.പി നേതാക്കൾ കണ്ടു. മേയർ ഓഫീസിലെത്തിയപ്പോൾ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കി. മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷം ശമിപ്പിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും സംഘർഷത്തിൽ വലഞ്ഞു.