mmc

തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്. മലബാർ കാൻസർ സെന്ററിൽ (എം.സി.സി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയുടെ ചികിത്സയും തിരുവനന്തപുരം ആർ.സി.സി.യിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ലുട്ടീഷ്യം ചികിത്സയും ആരംഭിച്ചു. രണ്ട് ചികിത്സയും സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കണ്ണിൽ വരുന്ന കാൻസർ ചികിത്സയും തലച്ചോറിലെയും സുഷുമ്ന നാഡിയിലെയും കാൻസറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയയ്ക്കുള്ള ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവുമാണ് എം.സി.സിയിൽ ആരംഭിച്ചത്. കുട്ടികൾക്കായുള്ള മജ്ജ മാറ്റിവയ്ക്കൽ ചികിത്സ, ലിംബ് സാൽവേജ് ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ സർജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും എം.സി.സിയിൽ ലഭ്യമാണ്. ആർ.സി.സിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ ഈ മാസം അവസാനം ആർ.സി.സിയിൽ കമ്മിഷൻ ചെയ്യും.

ക്യാപ്ഷൻ: മലബാർ കാൻസർ സെന്ററിൽ കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ സംവിധാനം.