തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജോലിക്ക് പാർട്ടിക്കാരുടെ മുൻഗണനാ ലിസ്റ്റ് നൽകാനുള്ള മേയറുടെ പേരിലുള്ള വിവാദ കത്തിൽ നേരിട്ട് ഇടപെടാൻ ഗവർണർക്ക് പരിമിതികളുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 156 പ്രകാരം സംസ്ഥാനത്തിന്റെ എക്സിക്യുട്ടീവ് ഹെഡ് ആണ് ഗവർണർ. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ സ്വതന്ത്ര സ്വഭാവമുള്ള തദ്ദേശ സർക്കാരുകളാണ്. അവിടെ ഭരണപരമായി ഇടപെടാൻ ഗവർണർക്കാവില്ല. എന്നാൽ തദ്ദേശ വകുപ്പ് മന്ത്രിക്ക് നിർദ്ദേശം നൽകാനും ആവശ്യമെങ്കിൽ രാജ്ഭവനിലേക്ക് വിളിച്ചുവരുത്താനുമാകും. കളക്ടറെയും വിളിച്ചു വരുത്താം. നഗരസഭയിലെ പ്രശ്നങ്ങളിൽ ബി.ജെ.പി കൗൺസിലർമാർ ഗവർണറുടെ ഇടപെടൽ തേടിയിരുന്നു.