തിരുവനന്തപുരം: മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് കോൺഗ്രസ് കൗൺസിലർമാരും മുൻ കൗൺസിലർമാരും നഗരസഭയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
കോർപ്പറേഷൻ ഓഫീസ് കേന്ദ്രമായി നടക്കുന്ന അഴിമതിയ്ക്കും അവിഹിത നിയമനങ്ങൾക്കും നേതൃത്വം നൽകുന്ന മേയർ രാജിവയ്ക്കണം. നഗരസഭയിൽ നടന്ന താത്കാലിക നിയമനങ്ങളെല്ലാം റദ്ദാക്കി എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കുക, നഗരസഭക്കെതിരെ ഉയർന്നിട്ടുള്ള അഴിമതികളെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം . വട്ടിയൂർക്കാവിലെ പ്രവർത്തകർ സത്യഗ്രഹത്തിന് അഭിവാദ്യം അർപ്പിക്കും. 9ന് കഴക്കൂട്ടം, 10ന് നേമം, 11ന് കോവളം, 14ന് തിരുവനന്തപുരം എന്നീ നിയോജകമണഡലങ്ങളിലെ പ്രവർത്തകർ സത്യഗ്രഹം നടത്തും. 15 മുതൽ യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും.