epf

തിരുവനന്തപുരം:പി.എഫ്.പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ നിലവിലുള്ള ജീവനക്കാർ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.നൽകിയിട്ടില്ലെങ്കിൽ അത് നൽകി അർഹത നേടണം. കട്ട് ഓഫ് തീയതിനായ 2014 സെപ്തംബർ ഒന്നിന് ശേഷം വിരമിച്ചവർക്കും ഇത്തരത്തിൽ ഓപ്ഷൻ നൽകി ഉയർന്ന പെൻഷൻ വാങ്ങാം.ഈ രീതിയിൽ ഓപ്ഷൻ നൽകിയാൽ മാത്രമേ സുപ്രീംകോടതിവിധി പ്രകാരമുള്ള ഉയർന്ന പെൻഷൻ ലഭിക്കുകയുള്ളു.

നിലവിലുളള ജീവനക്കാർ ഉയർന്ന പെൻഷൻ ലഭിക്കാനുള്ള ഓപ്ഷൻ നൽകിയാൽ പി.എഫ്.പദ്ധതിയിലേക്കുള്ള വിഹിതം കൂടും. ഓപ്ഷൻ കൊടുക്കാത്തവർക്ക് നിലവിലെ പോലെ 15,000 രൂപയുടെ 8.33 ശതമാനം തുകയായ 1250 ആണ് പരമാവധി തുക ഇ.പി.എസ്സിലേക്ക് പിടിക്കുക. ഇക്കാലയളവിൽ വിരമിച്ചവരും സർവീസിൽ തുടരുന്നവരും മുൻകാല പ്രാബല്യത്തോടെ ഇ.പി.എസ്സിലേക്ക് ബാക്കി അടയ്‌ക്കേണ്ട തുക പി.എഫ്. വിഹിതത്തിൽ ഉണ്ടെങ്കിൽ വകമാറ്റുകയോ കണ്ടെത്തി അടയ്ക്കുകയോ ചെയ്യണം.