ശ്രീകാര്യം: പൗഡിക്കോണത്ത് രണ്ടര വയസുകാരിക്കടക്കം ഏഴുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു സംഭവം. പൗഡിക്കോണം മുക്കിൽകട മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്.
പൗഡിക്കോണം വിഷ്ണു നഗറിൽ സുജല (30), മകൾ നിയ (രണ്ടര) എന്നിവർക്കാണ് ആദ്യം കടിയേൽക്കുന്നത്. വൈകിട്ട് അഞ്ചോടെ സമീപത്തെ വീട്ടിലെ അടുക്കളയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ സുജലയെയും നായ ആക്രമിച്ചു.
തുടർന്ന് ഇവിടെ നിന്ന് ഓടിയ നായ സമീപത്തെ എഴുപത് വയസുള്ള ശാന്തകുമാരിയെയും സമീപത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്സിനെയും ആശുപത്രിയിൽ കയറി കടിച്ചു. പൗഡികോണം സ്വദേശി റഹീം, ചെല്ലമംഗലം സ്വദേശി അനിൽകുമാർ, പോത്തൻകോട് അനസ് എന്നിവർക്കും നായയുടെ കടിയേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.