
തിരുവനന്തപുരം : പി.എസ്.സിയുടെ പരിധിയിൽപെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന സർക്കാർ ഉത്തരവുകൾ അവഗണിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ ഇഷ്ടക്കാരെ തിരുകി കയറ്റുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ നിയമനം ലഭിച്ചവരെ പിരിച്ചുവിടണമെന്ന ഓംബുഡ്സ്മാൻ നിർദ്ദേശവും അട്ടിമറിച്ചു. സർക്കാർ ഓഫീസുകളിൽ സ്ഥിരം തസ്തികകളിൽ ഒഴിവ് വരുമ്പോൾ താത്കാലികമായി ആളെ കണ്ടെത്തുന്നതിന് മാത്രമാണ് നിലവിൽ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളെ ആശ്രയിക്കുന്നത്. അല്ലാത്തവയെല്ലാം വിവിധ പദ്ധതികളുടെയോ മിഷന്റേയോ ഭാഗമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ള നിയമനങ്ങളായി കാണിച്ചാണ് നേരിട്ട് അപേക്ഷ വിളിക്കുന്നതും പാർട്ടിക്കാരെ പ്രതിഷ്ഠിക്കുന്നതും.
പി.എസ്.സി നിയമത്തിന്റെ പരിധിയിൽ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാകണമെന്നാണ് സർക്കാർ ഉത്തരവ്. 1959ലെ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ 2014ന് ഫെബ്രുവരി രണ്ടിന് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസാണ് ഉത്തരവിറക്കിയത്. പക്ഷേ, ആരും കാര്യമായെടുത്തില്ല.
ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ സ്ഥാപന മേധാവികൾക്കെതിരെ നടപടിയെടുക്കുമെന്ന് 2016 ഡിസംബർ 26ന് അന്നത്തെ അഡിഷണൽ ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധവികൾക്കുമായി നൽകിയ നിർദ്ദേശവും പ്രഹസനമായി.
പിന്നാലെ തെളിവുകളുമായി വിവരാവകാശ പ്രവർത്തകൻ രവി ഉളളിയേരി ഓംബുഡ്മാനെ സമീപിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത്, തലക്കുളത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ നടന്ന അനധികൃത നിയമനത്തിനെതിരെ ആയിരുന്നു പരാതി. അനധികൃത നിയമനം നേടിയവരെ കാലാവധി പൂർത്തിയാകുന്ന മുറയ്‌ക്കോ സാമ്പത്തിക വർഷം അവസാനിക്കുന്ന മുറയ്‌ക്കോ പിരിച്ചുവിടണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
ആ വഴി വന്നാലും
പാർട്ടിക്കത്ത് വേണം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റർവ്യൂവിന് വിളിച്ചാലും അതിൽ പാർട്ടിക്കത്ത് കൊണ്ടുവരുന്നവർക്കാണ് നിയമനം ലഭിക്കുന്നത്. കാലങ്ങളായി നാട്ടിലെ പരസ്യമായ രഹസ്യമാണിത്. ഏത് പാർട്ടി ഭരിച്ചാലും ഇതാണ് സ്ഥിതി. അടുത്തിടെയായി കത്തില്ലാതെ ഒന്നും നടക്കാത്ത സ്ഥിതിയാണെന്ന ആക്ഷേപം ശക്തമാണ്. തലസ്ഥാന കോർപറേഷനിൽ ഇപ്പോൾ വിവാദമായിക്കുന്ന 295 തസ്തികമാത്രമാണ് എംപ്ലോയ്മെന്റ് എക്ചേഞ്ചിന് വിടാൻ മന്ത്രി നിർദ്ദേശം നൽകിയത്. സംസ്ഥാനത്തൊട്ടാകെ ബാധകമാക്കുന്ന ഉത്തരവ് നൽകാൻ മന്ത്രി തയ്യാറായില്ല. വിവാദം ഒഴിയുമ്പോൾ,പഴയപടി കാര്യങ്ങൾ തുടരുമെന്ന് അർത്ഥം.