
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നടക്കുന്ന സമരം ഒത്തുതീർപ്പാവുമെന്ന് സൂചന. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളിൽ സി.പി.എം നേതാക്കളും ലത്തീൻ അതിരൂപതാ അധികൃതരും അനൗദ്യോഗികമായി ഏകദേശ ധാരണയിലെത്തി.
സമരം നയിക്കുന്ന ലത്തീൻ അതിരൂപതയിലെ വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി വി.ശിവൻകുട്ടി,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാർ എന്നിവരുമായാണ് അനൗദ്യോഗിക ചർച്ച നടത്തിയത്. കഴിഞ്ഞദിവസം മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി ലത്തീൻ അതിരൂപത അധികൃതമായി ചർച്ച നടത്തിയ വിവരം ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വീട് നഷ്ടപ്പെട്ട് ഗോഡൗണിൽ താമസിക്കുന്നവർക്ക് 8000 രൂപ പ്രതിമാസ വാടക നൽകണമെന്നാണ് സമരസമിതിയുടെ പുതിയ ആവശ്യം. നേരത്തെ 5,500 രൂപ പ്രതിമാസ വാടക നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മണ്ണെണ്ണ സബ്‌സിഡി 25 രൂപയെന്നത് 35 രൂപയാക്കണം, തുടർച്ചയായി രണ്ടോ മൂന്നോ ദിവസം കടലിൽ പോകാനാവാതെ തൊഴിൽ നഷ്ടമുണ്ടായാൽ പ്രതിദിനം 200 രൂപ നൽകണം എന്നിവയാണ് രേഖാമൂലം എഴുതി നൽകിയ മറ്റ് ആവശ്യങ്ങൾ. വീട് നഷ്ടപ്പെട്ടവർക്ക് ഫ്‌ളാറ്റിന് പകരം രണ്ടര സെന്റ് ഭൂമി വീതം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാനാകില്ലെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. തുടർന്ന് സമരസമിതി പറയുന്നത് അനുസരിച്ച് ഫ്‌ളാറ്റ് പണിയാമെന്ന ധാരണയിലെത്തി.
ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ നിലപാട് മയപ്പെടുത്താമെന്നാണ് അതിരൂപത അധികൃതർ അറിയിച്ചത്. രേഖാമൂലം എഴുതി നൽകിയ ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് നേതാക്കൾ അറിയിച്ചു. തീരുമാനം സർക്കാർ ഉത്തരവായി ഇറക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു