
പാലോട്:പച്ച പേരക്കുഴി സർക്കാർ എൽ.പി സ്കൂളിലെ കുട്ടികൾ ഇനി പ്രകൃതിയെ അറിഞ്ഞു പഠിക്കും.കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാർസിൽ ഉൾപ്പെടുത്തി എസ്.എസ്.കെ അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാഴ്ചയുടെ കിളിക്കൂട് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പാർക്ക്,തീവണ്ടി, റോക്കറ്റ്, വീണ, വീട് എന്നിവയുടെയെല്ലാം രൂപങ്ങൾ എന്നിവയടക്കം നിരവധി വിസ്മയക്കാഴ്ചകളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ശിശു സൗഹൃദമായാണ് ഷെൽഫുകളും ഫർണീച്ചറുകളും നിർമ്മിച്ചിരിക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തൂണുകൾ മരങ്ങളുടെ രൂപമായി മാറ്റി കിളികളെയും ചിത്രപ്പണിയിലൂടെ മനോഹരമായി ഒരുക്കിയിട്ടുണ്ട്. ഗ്ലോബ്, പുസ്തകം, സ്ലേറ്റ് എന്നിവയുടെ രൂപങ്ങളാൽ ഭംഗിയാക്കിയ കവാടവും മിനി വെളളച്ചാട്ടവുമെല്ലാം കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിക്കും. പച്ച പേരക്കുഴി സർക്കാർ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ സ്വാഗതവും ബി.വിജയലക്ഷ്മി അമ്മ നന്ദിയും പറഞ്ഞു. ജി.കോമളം,റെനി വർഗ്ഗീസ്,പി.എസ്.ബാജിലാൽ,സോഫി തോമസ്,ലൈലാ ജ്ഞാനദാസ്,വി.രാജ് കുമാർ,വി.ഷീജ,അഡ്വ.ജി.അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് വി.എൽ.രാജീവ്, ജി.മണികണ്ഠൻ നായർ,കെ.സ്വാമിനാഥൻ,കെ.എസ്.ഷീജ,കെ.ലേഖ,സബീഹ ബീവി തുടങ്ങിയവർ പങ്കെടുത്തു. ശില്പികളായ സനീഷ് കുമാർ,സുനിൽകുമാർ,പ്ലാമൂട് അജി, മുൻ പ്രഥമദ്ധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.