dd

 5 വർഷത്തിനിടെ ഏഴര ലക്ഷം പുതിയ വാഹനങ്ങൾ  റോഡുകൾ വികസിക്കുന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ഗതാഗതക്കുരുക്കിലും വാഹനപ്പെരുപ്പത്തിലും ശ്വാസംമുട്ടുന്ന ജില്ലയിൽ വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡുവികസനം നടക്കുന്നില്ലെന്ന് ആക്ഷേപം. ആസൂത്രണ ബോർഡ് തന്നെ ഇക്കാര്യം നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.

പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷാപാളിച്ചകളും അവശ്യസർവീസുകളുടെ ദൗർലഭ്യവും യാത്രക്കാരെ സ്വകാര്യവാഹനങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാക്കുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു. 2018ൽ 11 ലക്ഷമായിരുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണം ഇപ്പോൾ 19 ലക്ഷം കവിഞ്ഞു. ഏഴരലക്ഷത്തിലധികം പുതിയ വാഹനങ്ങളാണ് ഇതിനിടെ നിരത്തിലിറങ്ങിയത്.

വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയും റോഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് ഗതാഗതക്കുരുക്കിനും റോഡ് അപകടങ്ങൾക്കും കാരണമെന്ന് വിദഗ്ദ്ധരും വ്യക്തമാക്കുന്നു.

65 ശതമാനത്തിലധികവും

ഇരുചക്ര വാഹനങ്ങൾ

ജില്ലയിൽ രജിസ്റ്റർ ചെയ്‌‌തിട്ടുള്ള വാഹനങ്ങളിൽ 63 ശതമാനത്തിലധികവും ഇരുചക്ര വാഹനങ്ങളാണ്. ചരക്കുവാഹനം,ബസ്,ടാക്‌സി,ഓട്ടോ തുടങ്ങിയ വാണിജ്യ വാഹനങ്ങളുടെ വിഹിതം 14 ശതമാനമാണ്. മൊത്തം വാഹനങ്ങളിൽ 86 ശതമാനവും വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലെത്തിയെങ്കിലും പെട്രോൾ-ഡീസൽ വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായില്ല. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരം ആർ.ടി.ഒയ്‌ക്ക് കീഴിലാണ്. സംസ്ഥാനത്ത് 1000 ആളുകൾക്ക് 432 മോട്ടോർ വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

കാലാവധി കഴിഞ്ഞവ

പൊളിക്കുന്നില്ല

പുതിയ വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുമ്പോഴും കാലാവധി കഴിഞ്ഞ കുറച്ച് വാഹനങ്ങൾ മാത്രമേ പൊളിക്കുന്നുള്ളൂ. രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ കാലാവധി 15 വർഷവും ചരക്കുവാഹനങ്ങളുടെ കാലാവധി 10 വർഷവുമാണ്. ഈ കാലാവധിക്ക് ശേഷവും ഫിറ്റ്‌നസ് തൃപ്‌തികരമാണെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി രജിസ്‌ട്രേഷൻ നീട്ടി നൽകാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനുണ്ട്. ഈ കാലാവധിക്കുശേഷം വാഹനങ്ങൾ പൊളിച്ച് വിവരങ്ങൾ വകുപ്പിൽ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഫിറ്റ്‌നസിന്റെ പേരിൽ ഒന്നിലേറെ തവണ രജിസ്‌ട്രേഷൻ നീട്ടി നൽകുന്ന രീതി മോട്ടോർ വാഹനവകുപ്പ് തുടരുന്നുണ്ട്.

ജില്ലയിൽ രജിസ്റ്റർ

ചെയ്‌ത വാഹനങ്ങൾ

 2022 നവംബർ 15വരെ -1,945,357

 2018 തുടക്കം-1,196,214

പുതുതായി രജിസ്റ്റർ ചെയ്‌തത്-749,143

2022ൽ നവംബർ വരെ മാത്രം രജിസ്റ്റർ ചെയ്‌തവ -83,491

തിരുവനന്തപുരം ആർ.ടി.ഒ-7,34,214

നെടുമങ്ങാട് ആർ.ടി.ഒ-2,93,654

കഴക്കൂട്ടം ആർ.ടി.ഒ-1,80,740

പാറശാല ആർ.ടി.ഒ-1,80,417

വർക്കല ആർ.ടി.ഒ-30,751

ആറ്റിങ്ങൽ ആർ.ടി.ഒ -2,50,458

നെയ്യാറ്റിൻകര-2,10,633

കാട്ടാക്കട-64,490

ടൂ വീലർ 2022 നവംബർ വരെ -1,200,735,

2018 തുടക്കത്തിൽ - 869,265

പുതിയത് -331,470

3500-7500 കിലോക്ക് മുകളിൽ ഭാരമുള്ള(കാറുകൾ അടക്കം)

എൽ.എം.വി വാഹനങ്ങൾ -449,675,

2018 തുടക്കത്തിൽ -339,033

പുതിയത്-110,642