
തിരുവനന്തപുരം: സ്‌കോട്ട്ലൻഡ് യാർഡിനെ വെല്ലുന്ന കേരള പൊലീസ് എ.കെ.ജി സെന്ററിൽ അടിമപ്പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാജ്ഭവനു മുന്നിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോർപ്പറേഷനിലെ നിയമന വിവാദത്തിൽ മേയർക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ പൊലീസിന്റെ ജോലിയുമായി ഡി.വൈ.എഫ്.ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്.ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞാൽ പോലും കേൾക്കാത്ത പൊലീസുകാർ പാർട്ടി നേതാക്കൾ പറയുന്നതേ അനുസരിക്കൂ എന്ന അവസ്ഥയാണ്.പാർട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചും ആകുന്ന സ്ഥിതിയാണ്.ഒരു അക്രമവും നടത്താതെ സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവർത്തകരെ ഇന്നലെ റിമാൻഡ് ചെയ്തു.പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ പാർട്ടി ഓഫീസിൽ നിന്നും എഴുതിക്കൊടുത്ത പേരനുസരിച്ചാണ് മൂന്നു പേരെയും റിമാൻഡ് ചെയ്തത്.