തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിവർഷം പദ്ധതി വിഹിതം കുറയ്ക്കുന്നതുൾപ്പെടെ ഓരോ നടപടികളും ഇന്ത്യയിലെ സാധാരണക്കാരുടെ ഈ തൊഴിൽ ഇല്ലാതാക്കും വിധമുള്ളതാണെന്നും തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ യു.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകണം.തൊഴിലാളികൾക്ക് ക്ഷേമനിധി സ്ഥാപിക്കുക, സമയക്രമത്തിൽ മാറ്റം വരുത്തുക,സംസ്ഥാനത്തെ ദിവസവേതനത്തിനനുസരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും ക്രമേണ ഉയർത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ മുന്നിലുണ്ട്. ഇതിനെല്ലാം സംസ്ഥാന സർക്കാരിന്റെ കൂടി ശ്രദ്ധ പതിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.1000ത്തോളം തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തു.രാജ്ഭവൻ റോഡും പരിസരവും തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.എ.മജീദ് എം.എൽ.എ,മോൻസ് ജോസഫ് എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ, ജോസഫ് കെ. തോമസ്, വാക്കനാട് രാധാകൃഷ്ണൻ, എം.പി.സാജു, സലിം പി.മാത്യു, അഡ്വ. മനോജ്കുമാർ, പ്രൊഫ. തോന്നയ്ക്കൽ ജമാൽ,എൻ.ശക്തൻ,വർക്കല കഹാർ, ഇറവൂർ പ്രസന്നകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, കരുമം സുന്ദരേശൻ, എം.ആർ. മനോജ്, എസ്.ആർ.ഹരി, കാരയ്ക്കാമണ്ഡപം രവി, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുത്തു.