ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ ക്ഷീരോദ്പാദക സർവീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തിന് മുന്നിൽ ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷം നടന്നു. യൂത്ത് കോൺഗ്രസ് കൊല്ലമ്പുഴ ബൂത്ത് പ്രസിഡന്റ് അഭിജിത്തിനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് അഭിജിത്തിനെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം മൊഴിയെടുക്കാനായി അഭിജിത്തിനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകും വഴിയും ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമണത്തിൽ ഇരു വിഭാഗത്തിലും കണ്ടാലറിയാവുന്നവർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.