vd

തിരുവനന്തപുരം: ഭരണഘടനാ പദവിയിൽ ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത നടപടികളാണ് ഗവർണറുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാദ്ധ്യമ വിലക്കിനെതിരെ കെ.യു.ഡബ്ളിയു.ജെ - കെ.എൻ.ഇ.എഫ് നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകരും ജീവനക്കാരും നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണിത്. തെരഞ്ഞുപിടിച്ച് ചില ചാനലുകളെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി ബാലിശമാണ്. മോശമായ പദപ്രയോഗം ഗവർണറിൽ നിന്ന് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും സ്വാതന്ത്ര്യവും അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാടമ്പിയെപ്പോലെ പെരുമാറുന്നത് കേരളം അംഗീകരിക്കില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് പറഞ്ഞു. രണ്ടു ചാനലുകളെ ഇറക്കിവിട്ടപ്പോൾ മറ്റുള്ളവർ ഗവർണറെ ബഹിഷ്‌കരിക്കണമായിരുന്നെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം.പി, മീഡിയാ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, മോൻസ് ജോസഫ് എം.എൽ.എ, പന്തളം സുധാകരൻ, സി.എം.പി നേതാവ് എം.പി. സാജു, ഡി.സി.കെ നേതാവ് സലിം പി. മാത്യു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജനറൽ സെക്രട്ടറി. ആർ കിരൺബാബു, സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, സംസ്ഥാനവൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ്, സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോഹരൻ മോറായി, സനോജ് കുമാർ, സജു എ.എസ്, രാജേഷ് കോയിക്കൽ, മുഹമ്മദ് കാസിം, ജി. രാജേഷ്‌കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ. പ്രേമനാഥ്, ഇടുക്കി ജില്ലാ പ്രസിഡന്റ് സോജൻ സ്വരാജ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, ട്രഷറർ ജി. പ്രമോദ്, കെ.എൻ.ഇ.എഫ് നേതാക്കളായ എസ്. ഉദയകുമാർ, ജി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.