photo

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനം എല്ലാ പൗരന്മാർക്കും സാമൂഹ്യമായ തുല്യനീതി പ്രദാനം ചെയ്യുക എന്നതാണ്. നിയമപരമായിത്തന്നെ അത് അട്ടിമറിക്കപ്പെട്ടാൽ ഭരണഘടനയുടെ സ്വഭാവവും ഘടനയും അപ്പാടെ തകരും. നിർഭാഗ്യവശാൽ അതിനുള്ള വെടിമരുന്നായി മാറിയിരിക്കുകയാണ് സാമ്പത്തിക സംവരണ വിഷയത്തിലെ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി.

ജാതി സംവരണത്തിൽ മേൽത്തട്ടുകാരെ ഒഴിവാക്കിയിട്ടുണ്ട്. ജാതി മാനദണ്ഡമായി സ്വീകരിച്ചതിനാലാണ് അവരെ ഒഴിവാക്കിയത്. നൂറ്റാണ്ടുകളായി അധികാരത്തിന്റെ മേൽത്തട്ടിലും കീഴ്‌ത്തട്ടിലുംനിന്ന് അകറ്റി നിറുത്തിയിരുന്ന പിന്നാക്ക, ഇതര വിഭാഗങ്ങളെ എല്ലാ മേഖലകളിലേക്കും ഉയർത്താൻ സംവരണമല്ലാതെ മറ്റു വഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന സംവരണം ഉറപ്പാക്കിയത്. ഇത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നില്ല. സമസ്ത മേഖലകളിലും ആധിപത്യം പുലർത്തുന്ന മേൽത്തട്ടിലുള്ളവരുടെ ഒപ്പമെത്താൻ താഴ്ന്ന തട്ടിലുള്ള വിഭാഗങ്ങൾക്ക് അവസരം നൽകുക എന്നതാണ് സംവരണത്തിന്റെ ജന്മലക്ഷ്യം. അതിൽനിന്നും തികച്ചും ഭിന്നമായ ആശയമാണ് സാമ്പത്തിക സംവരണം എന്നത്. ഇവിടെ മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയാണ്. അഞ്ചംഗ ഭരണഘടനാബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനോട് യോജിച്ചു. പിന്നാക്ക വിഭാഗങ്ങളും ഇതിനെ എതിർക്കുന്നില്ല. എന്നാൽ സാമ്പത്തികം മാനദണ്ഡമാക്കുമ്പോൾ അതിൽ ജാതി കലർത്തുന്നതിനെയാണ് പിന്നാക്ക വിഭാഗങ്ങൾ എതിർക്കുന്നത്. ഇതുതന്നെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് യു.യു. ലളിതും വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഭട്ടും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയിലെ അനുഭവം മേൽത്തട്ടുകാരനും കീഴ്‌ത്തട്ടുകാരനും എല്ലാം ഒരുപോലെയാണ്. സാമ്പത്തികം എന്ന വാക്കിന് ജാതിയും മതവുമില്ല. അത് ഒരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. അതിൽ ജാതി തിരുകി കയറ്റുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. അതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും പത്തുശതമാനം സംവരണം നൽകുക എന്നതാണ് ജാതിയുടെ ഇടുങ്ങിയ കോണൊഴികെ മറ്റേതൊരു വീക്ഷണത്തിലൂടെ നോക്കിയാലും നീതിയുക്തം. പിന്നാക്ക, ഇതര വിഭാഗങ്ങളിലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ കൂടുതലെന്നും അവരെ ഒഴിവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമാണെന്നും ജസ്റ്റിസ് ഭട്ട് വിയോജന വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന് മാനദണ്ഡമാക്കിയിരിക്കുന്നത്. എന്നാൽ ജാതിസംവരണമുള്ള വ്യക്തികൾക്ക് അതിന് അർഹതയില്ലെന്ന് പറയുന്നു. ഇത് തുല്യതയുടെ തത്വത്തിന് വിരുദ്ധമാണെന്ന് സംശയലേശമില്ലാതെ വിയോജന വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നാൽ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ഉദ്യോഗത്തിനും പത്ത് ശതമാനം സംവരണം അനുവദിച്ചിട്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ജഡ്‌ജിമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി. പർദിവാല എന്നിവർ ശരിവച്ചതിനാൽ ആ നിയമം സാധുവായി മാറിയിരിക്കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നതും സാമൂഹ്യ അസമത്വത്തിലൂടെ സമൂഹത്തെ പഴയ ചാതുർവർണ്യത്തിൽ തിരികെ പ്രതിഷ്ഠിക്കാൻ ഇടയാക്കുന്നതുമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. പക്ഷേ അതാണ് സത്യം. ഇൗവിധി ഒരു തുടക്കം മാത്രമാണ്. ഇതിന്റെ ആനുകൂല്യം പലരീതിയിൽ മുന്നാക്കക്കാർക്ക് വരാൻ പോകുന്നതേ ഉള്ളൂ. വിദേശത്ത് പഠിക്കാൻ പോകുന്ന മുന്നാക്കക്കാരിൽ പത്തുശതമാനം പേർക്ക് സർക്കാർ പ്രത്യേക സ്കോളർഷിപ്പ് നൽകിയാൽ അപേക്ഷകരുടെ കുറവ് ഉണ്ടാകില്ല. പക്ഷേ അതേ ആനുകൂല്യം പട്ടികവർഗക്കാർക്ക് നൽകിയാൽ രണ്ട് ശതമാനം പേർപോലും അപേക്ഷിക്കാൻ കാണില്ല. അത്രമാത്രം സാമൂഹ്യ അസമത്വം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനാൽ നിയമപരം എന്നതിലുപരി സാമൂഹ്യസ്ഥിതി സെൻസസിലൂടെ ശാസ്ത്രീയമായി കണക്കാക്കി പാർലമെന്റ് തീരുമാനമെടുക്കേണ്ട വിഷയമാണിത്. അതിന് വിവിധ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കുകയാണ് ആദ്യം വേണ്ടത്. പക്ഷേ, ഒരു സർക്കാരും അതിന് തയ്യാറാകില്ല. അങ്ങനെ ചെയ്താൽ പൂച്ച് പുറത്താകും. ഭൂരിപക്ഷം മേഖലകളിലും എൺപത് ശതമാനത്തിലധികവും മുന്നാക്കക്കാരാണ് ജോലിയിലിരിക്കുന്നതെന്ന സത്യം പുറത്തുവരികയും അവർക്ക് വീണ്ടും സംവരണം നൽകുന്നത് ശരിയല്ലെന്ന് ശാസ്ത്രീയമായ കണക്കിന്റെയും സാമൂഹ്യാവസ്ഥയുടെ തോതും കണക്കിലെടുത്ത് ഏത് കോടതിക്കും വിധിക്കേണ്ടിയും വരും. എന്നാൽ അത് മറച്ചുവച്ച് മറ്റു പുകമറകൾ സൃഷ്ടിച്ച് പിന്നാക്കക്കാരെയും ദളിത് വിഭാഗങ്ങളെയും പറ്റിക്കുന്ന സമ്പ്രദായമാണ് എല്ലാ ഭരണാധികാരികളും തുടർന്നു വരുന്നത്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമെന്ന് ജനാധിപത്യത്തെക്കുറിച്ച് പറയുമെങ്കിലും ഫലത്തിൽ ചുരുക്കംപേർക്ക് വേണ്ടി ചുരുക്കംപേർ നടത്തുന്ന ഭരണമാണിവിടെ നടക്കുന്നതെന്ന് അനുഭവത്തിലൂടെ കീഴ്‌ത്തട്ടിലുള്ളവർക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ഭരണഘടന ഭേദഗതി ചെയ്ത സർക്കാരിന്റെ നിലപാടും അത് ശരിവച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയും അതിന് കടുത്ത ചുവപ്പ് നിറത്തിൽ അടിവര ഇടുകയാണ് ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്കു ഉപയോഗിക്കേണ്ട സംവരണം എന്ന ഉപാധി ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ കടയ്ക്കൽ വയ്ക്കുന്ന കത്തിയായി ഇൗ വിധിയിലൂടെ മാറിയിരിക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധത ഘോഷിക്കപ്പെടാനേ ഇടയാകൂ. സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനാധിപത്യത്തിന്റെ അന്തഃസത്തയായ പ്രാതിനിധ്യ സ്വഭാവം തകർക്കുന്ന വിധിയാണിത്. ഇതിനെതിരെ ചീഫ് ജസ്റ്റിസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നത് ഒരു രജത രേഖയായി നിലനിൽക്കുന്നു. നാളത്തെ നിയമം അതായി മാറില്ലെന്നും ആർക്കും പ്രവചിക്കാനാവില്ല. വിയോജന വിധികൾ നാളത്തെ നിയമമായ ചരിത്രം സുപ്രീംകോടതിക്ക് തന്നെ പറയാനുണ്ടെന്നതും ആരും മറക്കരുത്. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക, ഇതര വിഭാഗങ്ങളെ ഒഴിവാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ വാദിച്ച പ്രമുഖ നിയമ പണ്ഡിതൻ ഡോ. മോഹൻ ഗോപാൽ റിവ്യു പെറ്റിഷൻ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി നിലവിൽ വന്നിട്ട് 72 വർഷമായി. ഇതുവരെ ഇൗഴവ സമുദായത്തിൽ നിന്നുള്ള ഒരു ജഡ്‌ജിപോലും അവിടെ ഉണ്ടായിട്ടില്ല. പ്രമുഖ ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം അവസ്ഥ ഏറക്കുറെ ഇതാണ്. അതാണ് നിലനിൽക്കുന്ന പരിതാപകരമായ സാഹചര്യം. അവിടേക്കാണ് കൂടുതൽ മേൽത്തട്ടുകാരെ കുടിയിരുത്താൻ ഭരണകൂടവും കോടതിയും ശ്രമിച്ചിരിക്കുന്നത്.

ഗുരു പറഞ്ഞുപോലെ വാദിക്കാനും ജയിക്കാനുമല്ലെങ്കിലും അറിയാനും അറിയിക്കാനുമുള്ള എല്ലാ പോരാട്ടവും സമസ്ത തലങ്ങളിലും പിന്നാക്ക, ഇതര വിഭാഗങ്ങൾ തുടങ്ങാൻ ഇനിയും വൈകരുത്.