
തിരുവനന്തപുരം : കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുന്നത് പ്രാഥമിക പരിശോധനയ്ക്ക് ശേഷം . പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രൻ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് സമയം അനുവദിക്കാതിരുന്നതും വിവാദമായി. തുടർന്ന്, ഇന്നലെ വൈകിട്ടോടെ മേയറുടെ വീട്ടിലെത്തി ഡിവൈ.എസ്.പി തോട്ടത്തിൽ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം മെഴിയെടുത്തു.
തിങ്കളാഴ്ചയും ഇന്നലെ പകലും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടെങ്കിലും, മേയർ മൊഴിയെടുക്കാൻ സമയം നൽകിയിരുന്നില്ല.അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയർന്നതോടെയാണ് വൈകിട്ട് അഞ്ചിന് ശേഷം മൊഴി നൽകിയത്. മേയറുടെ പരാതിയിൽ കേസെടുക്കാൻ കഴിയുമോയെന്ന പ്രാഥമിക പരിശോധനയ്ക്ക് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ചിന് നൽകിയ നിർദേശം. കത്ത് താനെഴുതിയതല്ലെന്നും, ഡൽഹിയിലായിരുന്ന സമയത്ത് തന്റെ പേരിൽ ആരോ വ്യാജമായി ചമച്ചതാണെന്നുമാണ് ആര്യാരാജേന്ദ്രന്റെ മൊഴി. താൻ ആർക്കും കത്ത് ഒപ്പിട്ട് നൽകിയിട്ടില്ല. നിയമന കാര്യങ്ങൾ പാർട്ടിയോട് പറയാറില്ല. ഒപ്പ് സ്‌കാൻ ചെയ്‌ത് കയറ്രിയതാകാമെന്നും മേയർ മൊഴി നൽകി.
കത്തെഴുതിയ ലെറ്റർപാഡിന്റെ ആധികാരികത ഉറപ്പാക്കണം. മലയാളത്തിൽ ടെപ്പ് ചെയ്ത കത്തിന്റെ ഫോട്ടോസ്റ്റാറ്റാണ് പ്രചരിക്കപ്പെട്ടത്. ലെറ്റർ ഹെഡ് കൈകാര്യം ചെയ്യുന്നവരുടെ മൊഴിയും രേഖപ്പെടുത്തണം. കത്ത് പ്രചരിച്ചത് വാട്സാപ്പിലൂടെയാണ്. ഇതിന്റെ ഉറവിടം സ്ഥിരീകരിക്കാൻ സൈബർ പൊലീസിന്റെയും വാട്സാപ്പിന്റെയും സഹായം വേണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ സൈബർ നിയമപ്രകാരം വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. ഈ ഘട്ടത്തിൽ മാത്രമേ കമ്പ്യൂട്ടർ ഉൾപ്പടെ പരിശോധനയ്ക്ക് വിധേയമാക്കൂ. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ കേരള കൗമുദിയോട് പറഞ്ഞു.
കത്ത് വിവാദത്തിൽ പ്രതിപക്ഷ കക്ഷികൾ കൈയ്യാങ്കളി വിട്ട് സമാധാനപരമായ സമരത്തിലേക്ക് മാറി. ഇന്നലെ രാവിലെ 10 മുതൽ ബി.ജെ.പി മേയറുടെ ഓഫീസിന്റെ പ്രധാന വാതിലിന് മുന്നിൽ കൊടികെട്ടി സമരം ചെയ്തു. ഇതേ വാതിലിന് എതിർവശത്താണ് കത്ത് വിവാദത്തിൽ ആരോപണ നിഴലിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ ഡി.ആർ.അനിലിന്റെ ഓഫീസും. നഗരസഭാ കവാടത്തിന് മുന്നിൽ ആരംഭിച്ച കോൺ. കൗൺസിലർമാരുടെ സത്യഗ്രഹ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അകത്തും പുറത്തും പ്രതിഷേധം നടക്കുന്നതിനിടെ ഓഫീസ് മുറിക്ക് മുന്നിലെ സമരക്കാർക്കിടയിലേക്ക് പോകാതെ, പി.എയുടെ മുറിയിലൂടെയാണ് മേയർ ഓഫീസിലെത്തിയത്. അവിടെ ആരും തടഞ്ഞില്ല .