ബാലരാമപുരം: ബാലരാമപുരം - കാട്ടാക്കട റോഡിൽ വഴിയാത്രക്കാരന് തെരുവ്നായ്‌ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. തണ്ണിക്കുഴി പള്ളിയറത്തല കുളത്തിൻകരവീട്ടിൽ വിൻസെന്റിനാണ് ( 61) നായ്‌ക്കളുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാട്ടാക്കട റോഡിൽ കെ.കെ.പി മില്ലിന് സമീപം റേഷൻകടയ്‌ക്ക് മുന്നിലായിരുന്നു സംഭവം.
റോഡിലൂടെ നടന്നുപോകവെ നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. വിൻസെന്റിന്റെ കാലിലെ മാംസം നായ്‌ക്കൾ കടിച്ചുകീറി. രക്തം വാർന്ന നിലയിൽ നടന്നുപോയ ഇദ്ദേഹത്തെ ബി.ജെ.പി മീഡിയ സെൽ കൺവീനർ സന്തോഷ് ചിറത്തല, ഓട്ടോ ഡ്രൈവർ ജയൻ കണ്ണകി എന്നിവർ ചേർന്ന് കാൽകഴുകി വൃത്തിയാക്കിയശേഷം ഭാര്യ സുശീലയെ വിളിച്ചുവരുത്തി പഞ്ചായത്തിന്റെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ വിൻസെന്റിനെ സർജറിക്ക് വിധേയനാക്കി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഫോട്ടോ: തെരുവ് നായയുടെ ആക്രമണത്തിൽ
കാലിന് മുറിവേറ്റ വിൻസെന്റ്