തിരുവനന്തപുരം: കോർപ്പറേഷനിലെ അഴിമതിക്കെതിരെയുള്ള സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ഇന്ന് മുതൽ യു.ഡി.എഫ് സമരം ഏറ്റെടുക്കും. കോർപ്പറേഷനുമുന്നിൽ ഇന്ന് നടക്കുന്ന സത്യഗ്രഹസമരത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേതൃത്വം നൽകും.
നാളെ എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സത്യഗ്രഹവും ജില്ലയിലെ മണ്ഡലം കമ്മിറ്റികൾ അഴിമതി ഭരണത്തിനെതിരെ പന്തംകൊളുത്തി പ്രകടനവും നടത്തും. 12ന് കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും യു.ഡി.എഫ് ധർണ സംഘടിപ്പിക്കും. തുടർന്ന് കോർപ്പറേഷൻ പരിധിയിലെ 9 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രചാരണജാഥ സംഘടിപ്പിക്കുമെന്നും പാലോട് രവി അറിയിച്ചു.