തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടയ്‌ക്കുന്നതൊഴികെ വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമരക്കാരുടെ മനസിൽ എന്താണെന്ന് അറിയില്ല. വലിയതുറ ഗോഡൗണിൽ താമസിക്കുന്നവർക്ക് വാടക നൽകുക, മുട്ടത്തറ ഫ്ളാറ്റ് പണിത് വിഴിഞ്ഞം തുറമുഖത്തെ ആളുകളെ പുനരധിവസിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.
ഗോഡൗണിൽ താമസിക്കുന്നവരിൽ 170ഓളം പേർ വാടക വാങ്ങിക്കഴിഞ്ഞു. സമരപ്രതിനിധികൾ മൂന്നുപേർ ചർച്ചയ്‌ക്കെത്തി തുടക്കം മുതലുള്ള കാര്യം പറയും. മൂന്നു മണിക്കൂർ കഴിയുമ്പോൾ അറിയിക്കാമെന്നു പറഞ്ഞ് തിരിച്ചുപോകും. ഇതാണ് ചർച്ചയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.