പാറശാല: അതിർത്തി കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വട്ടിപ്പലിശക്കാരുടെ പ്രവർത്തനങ്ങൾ പെരുകുന്നതോടൊപ്പം സാമ്പത്തിക കുറ്റങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. പരസ്പര ജാമ്യത്തിന്റെ പേരിൽ വായ്പകൾ അനുവദിക്കുന്ന സംഘങ്ങൾ പത്ത് മുതൽ ഇരുപത് ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാരെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവന്നിരുന്ന വട്ടിപ്പലിശക്കാർ ഇപ്പോൾ സ്ത്രീകളുടെ സംഘങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങൾക്ക് സമീപത്തെ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം തുടരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുവെന്ന തെറ്റായ ധാരണ നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചതിനുശേഷമാണ് വായ്പകൾ നൽകുന്നതിനായുള്ള ഇരകളെ വീഴ്ത്തുന്നത്. വായ്പ എടുക്കുന്ന അംഗങ്ങളുടെ എണ്ണം പെരുകുന്നതോടെ തവണകൾ മുൻകൂർ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് വൻ തുകയുമായി സംഘം അടുത്ത മേഖലയിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതാണ് വട്ടിപ്പലിശക്കാരുടെ സ്ഥിരം പതിവെന്ന് പറയപ്പെടുന്നു. ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് തമിഴ്‌നാട് സംഘങ്ങൾ വീണ്ടും കേരളത്തിലേക്ക് എത്തിയത്. ഇത്തരം സംഘത്തിൽ നിന്ന് വായ്പൾ സ്വീകരിച്ചതിനെ തുടർന്ന് പണം നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. വായ്പത്തുക ചെറുതായതിനാലും ഇടപാടുകാർ സ്ത്രീകളും സാധാരണക്കാരുമായതിനാലും സംഘം മുങ്ങിയാൽപ്പോലും കൂടുതൽ പേരും പൊലീസിലോ മറ്റോ പരാതിപ്പെടാറില്ല എന്നതും ഇവരുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നു.
ലക്ഷ്യം സ്ത്രീകൾ
വട്ടിപ്പലിശ സംഘങ്ങളുടെ ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണ്. പെട്ടെന്നൊരു നാൾ ഇക്കൂട്ടർ മുങ്ങിയാൽ പോലും സ്ത്രീകൾ ആരോടും പരാതിപ്പെടില്ല എന്ന വിശ്വാസമുള്ളതിനാലാണ് ഇതുപോലെയുള്ള സംഘങ്ങൾ കൂടുതലും സ്ത്രീകളെ നോട്ടമിടുന്നത്. സ്ത്രീകളായാൽ പലിശയുൾപ്പെടെയുള്ള പണം കൃത്യമായും ഈടാക്കാൻ കഴിയുമെന്നതു തന്നെയാണ് ഇത്തരക്കാരുടെ പ്രവർത്തനം ശക്തിപ്പെടാൻ കാരണം.
ഉടൻ പണം
പതിനായിരം മുതൽ മുപ്പതിനായിരം വരെയുള്ള തുകകൾ വായ്പയായി നല്കുകയാണ് ഇവരുടെ പതിവ്. കുടുംബശ്രീ, അങ്കണവാടി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ, കച്ചവടക്കാർ എന്നിവരെയാണ് ഇത്തരക്കാർ കൂടുതലും വലയിൽ വീഴ്ത്തുന്നത്. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയാണ് സംഘം ആധാരമായി സ്വീകരിക്കുന്നത്. പെട്ടെന്ന് പണം ലഭിക്കുമെന്നതിന് പുറമെ ജാമ്യ വ്യവസ്ഥകളും ലഘുവാണെന്നതുകൊണ്ടുതന്നെ കൂടുതൽ പേർ ഇവരുടെ കെണിയിൽ വീഴുകയാണ് പതിവ്.
അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വട്ടിപ്പലിശക്കാരുടെ പ്രവർത്തനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണം.
ടി.കെ.അനികുമാർ,
പൗരസമിതി, പാറശാല.