
മലയാളത്തിന്റെ നായിക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്ന രണ്ട് ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയ ഉടലും ചതുരവും. ആൺ അഹന്തയ്‌ക്കെതിരെ വിരൽചൂണ്ടുന്ന സിനിമയായി ജയ ജയ ജയ ജയഹേ തീയേറ്ററുകളെ ഇളക്കിമറിച്ചെങ്കിലും ഉടലും ചതുരവും കപട സദാചാരവാദികളായ മലയാളികൾക്ക് അത്ര ദഹിക്കുന്ന ചിത്രങ്ങളല്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും താരശരീരത്തെയും പൗരുഷത്തെയും ആരാധിക്കുന്ന മലയാളി പുരുഷന് ഒരിക്കലും സ്വാസികയുടെയും ദുർഗകൃഷ്‌ണയുടെയും ശരീരത്തെയും സ്‌ത്രീത്വത്തെയും ബഹുമാനിക്കാനാകില്ല. എഴുപതുകളിൽ രതിനിർവേദത്തിലൂടെ ജയഭാരതിയും അവളുടെ രാവുകളിലൂടെ സീമയും തുടങ്ങിവച്ച വെളളിത്തിരയിലെ പെൺ ഉടലിന്റെ രാഷ്‌ട്രീയത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം മലയാളി ആ രാഷ്‌ട്രീയത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്.
ശക്തവും സ്വാർത്ഥവുമായ പ്രണയവും കാമവും ദേഷ്യവും പകയും കുതന്ത്രങ്ങളും ഒക്കെയുളള പെണ്ണിനെയാണ് ചതുരത്തിലും ഉടലിലും കാണാനാകുന്നത്. ഈ വികാരങ്ങളും മുഖങ്ങളും ഉളളവളാണ് പെണ്ണെന്ന് പറഞ്ഞുവയ്‌ക്കുകയാണ് രണ്ട് സിനിമകളും. മാറുന്ന മലയാളി സ്‌ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണ് ഈ പെണ്ണുങ്ങളെന്ന് പറഞ്ഞാൽ ഈ ലേഖനം വായിക്കുന്ന പലരും നെറ്റിചുളിക്കും. കേരളീയ പൊതുമണ്ഡലത്തിൽ ഇന്ന് നടക്കുന്ന വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ട് ചിത്രങ്ങളിലെയും സ്‌ത്രീ കഥാപാത്രങ്ങളെ സമൂഹത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാതെ തരമില്ല. മാസ്‌ക്കും തൊപ്പിയും വച്ച് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് ചതുരം കാണാൻ പുരുഷന്മാർ തീയേറ്ററിൽ കയറിയതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ പറയുമ്പോൾ മലയാളി പുരുഷന്റെ ലൈംഗിക ദാരിദ്ര്യവും കപട പുരോഗമന വാദവുമെല്ലാം എവിടെയെത്തി നിൽക്കുന്നുവെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിതയുടെ ലൈംഗികപരമായ മനോഭാവം, താത്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് അയാളുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്. കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക, മറിച്ച് ലിംഗത്വം, ലിംഗ വ്യക്തിത്വം, ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുത്പാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും.
പുരുഷ ശരീരത്തിൽ നിന്ന് വിപരീതമായി ജന്മം മുഴുവൻ ലൈംഗികതയുടെ ഭാരവും പേറി നടക്കേണ്ടി വരുന്നവരാണ് സ‌്ത്രീ ശരീരങ്ങൾ. സ്ത്രീ ശരീരം മാത്രമല്ല, സ്ത്രീയുമായി ബന്ധപ്പെട്ടതെന്തും ലൈംഗികതയായി മാറ്റപ്പെട്ടിരിക്കുന്നു. സ്ത്രീയുടെ സ്വാഭാവികമായ ശരീര ചേഷ്‌ടകൾക്കും അംഗചലനങ്ങൾക്കും വരെ ഇങ്ങനെ ഒരു നിറം ചേർക്കൽ വന്നുകഴിഞ്ഞു. മലർന്ന് കിടക്കുന്നതും കാലുകൾ അകത്തി വച്ച് ഇരിക്കുന്നതുമൊന്നും സ്‌ത്രീയ്‌ക്ക് മറ്റുളളവരുടെ മുന്നിൽ വച്ച് ചെയ്യാൻ കഴിയാത്ത കാര്യങ്ങളായിരിക്കുന്നു. ഒരു ആൺകുട്ടി ജനിക്കുമ്പോൾ മുതൽ നാലഞ്ച് വയസുവരെ എപ്പോഴും കാണുന്നത് അവന്റെ, അമ്മയുടെ മാറിടമാണ്. അതവനെ സംബന്ധിച്ച് ലൈംഗികതയുടെ ഭാഗമേയല്ല. പിന്നീട് അമ്മയുടെ മാറിടം അവനിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നു. അമ്മയുടേതു മാത്രമല്ല, എല്ലാ സ്ത്രീകളുടേയും മാറിടം ഒളിപ്പിക്കപ്പെടേണ്ടതാണെന്നും, വസ്ത്രത്തിനുളളിൽ ഒളിപ്പിച്ചിരിക്കുന്ന സ്ത്രീയുടെ എല്ലാ ശരീരഭാഗങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ടതു മാത്രമാണെന്നും നാം അവനെ പഠിപ്പിക്കുന്നു.

ഒരു ആൺകുട്ടി വളർന്നു തുടങ്ങുമ്പോൾ എതിർ ലിംഗത്തിൽപ്പെട്ടവരുമായി സ്വാഭാവികവും സ്വാതന്ത്രവുമായ ഒരു ബന്ധം സ്ഥാപിക്കാൻ അവനെ അനുവദിക്കുന്നില്ല. ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തുന്നു. ലൈംഗികത എന്ന ചിന്ത ആ ചെറുപ്രായത്തിൽ അവരുടെ മനസുകളിൽ കുത്തിവയ്‌ക്കുകയാണ് നാം ചെയ്യുന്നത്. ബാല്യം കഴിഞ്ഞ് ആൺകുട്ടി അമ്മയുടേയോ സഹോദരിയുടേയോ കൂടെപ്പോലും കിടക്കരുത് എന്ന അരുതായ്‌മ കൂടിയാകുമ്പോൾ സ്ത്രീയെ തൊട്ടാലുടൻ ലൈംഗികതയാണെന്നും സ്ത്രീയെന്നാൽ ഒരു ലൈംഗിക വസ്‌തുവാണെന്നും അവനെ പൂർണമായും വിശ്വസിപ്പിക്കുകയാണ്.
കേരളം വിഷലിപ്‌തമായ പുരുഷാധിപത്യം പുലരുന്ന ഒരു നാടാണ്. ഇവിടുത്തെ സാംസ്‌കാരിക പാരമ്പര്യം പരിശോധിച്ചാൽ അതിൽ സ്ത്രീവിരുദ്ധതയുടെ ശക്തമായ ഒരു അന്തർധാര ഉണ്ടെന്ന് കണ്ടെത്താനാവും. ചിരികളിൽ വരെ അറുവഷളൻ സ്‌ത്രീ വിരുദ്ധ ഹാസ്യങ്ങൾ കുത്തിനിറയ്‌ക്കപ്പെടുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നമ്മുടെ കടങ്കഥകളിലും പഴഞ്ചൊല്ലുകളിലും വരെ ഈ സ്‌ത്രീ വിരുദ്ധത കാണാൻ കഴിയും. പാരഡി ഗാനങ്ങളും ജനപ്രിയമായ പല പ്രസംഗങ്ങളും സ്റ്റേജ് കോമഡി ഷോകളും സിനിമയിലെ ഹാസ്യരംഗങ്ങളും ടെലിവിഷനിലെ കോമഡി പരിപാടികളും സാമൂഹ്യമാദ്ധ്യമങ്ങളിലെ തമാശകളും കേരളത്തിന്റെ സ്ത്രീവിരുദ്ധ മുഖം പ്രകടമാക്കുന്നു. പീഡന കഥകൾ പറയുന്ന സ്ത്രീയോട് 'ഇത്രയും പീഡിപ്പിച്ചിട്ടും നീ നന്നായില്ലേ?' എന്നു ചോദിച്ചും 75കാരിയായ മുത്തശിയെ ക്രൂരമായി പീഡിപ്പിച്ചത് വായിച്ച് അതിനു താഴെ 'അവർ ചരക്കായിരിക്കും' എന്ന് അതിലും ക്രൂരമായി കമന്റടിച്ചും ആ പാരമ്പര്യം അഭംഗുരം തുടരുന്നു. സ്ത്രീയെ അല്ലാതെ പരിഹസിക്കാൻ ഭ്രമിപ്പിക്കുന്ന വിഷയം കേരളീയ പുരുഷന്മാർക്ക് വേറെ കിട്ടിയിട്ടില്ല. അവളുടെ ചെറുതും വലുതുമായ തെറ്റുകൾ, വിഡ്ഢിത്തരങ്ങൾ, ആഡംബര ഭ്രമങ്ങൾ തുടങ്ങി എല്ലാം അതിശക്തമായി പലപ്പോഴും അപമാനിച്ചുകൊണ്ടുതന്നെ പരിഹസിക്കപ്പെടുന്നു.
വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളിൽ നാം പുളകിതരാകുമ്പോഴും അമിതമായ ഉപഭോഗ പ്രവണത, തൊഴിലില്ലായ്‌മ, സ്ത്രീപീഡനം തുടങ്ങിയവയെല്ലാം ചേർന്നാണ് വൈരുദ്ധ്യങ്ങളുടെ കേരള വികസന മാതൃക രൂപപ്പെട്ടത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നതും സ്ത്രീ അനുകൂലവുമായ സ്ത്രീ പുരുഷ അനുപാതം, ഏറ്റവും ഉയർന്ന സ്ത്രീ വിദ്യാഭ്യാസ നിരക്ക്, ഇവയോട് ഒട്ടും ഒത്തുപോകാത്ത വളരെ കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്ക് എന്നിവ സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. അഭ്യസ്‌തവിദ്യരും തൊഴിൽരഹിതരുമായ സ്ത്രീകളുടെ ആധിക്യമാണ് നമ്മുടെ സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ ഒരു ഞെട്ടിപ്പിക്കുന്ന വശം. പഠിച്ച് തൊഴിൽ ചെയ്യാനുള്ള ശേഷി നേടിയിട്ടും ചെയ്യാതെ വരുമാനമില്ലാത്ത വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിതരാവുന്ന സ്ത്രീകളുടെ അവസ്ഥയും സൂക്ഷ്‌മസ്ഥൂല തലങ്ങളിലെ ശക്തമായ ആൺകോയ്‌മയും ചേർന്ന് സൃഷ്ടിച്ച സങ്കീർണതകൾ ഇവിടെ നിലനിൽക്കുന്നു.
സ്ത്രീകൾ പരിമിതമായ തോതിലെങ്കിലും നേടിയ സാംസ്‌കാരിക മൂലധനവും സാമ്പത്തികനേട്ടവും പദവിയും അതുവഴി ഉണ്ടായ താൻപോരിമയും പുരുഷാധിപത്യത്തെ തെല്ലൊന്നുമല്ല വിറളിപിടിപ്പിക്കുന്നത്. സ്ത്രീകൾ മാറുന്നുണ്ട്. മാറാൻ മടിക്കുന്നത് തന്റെ സവിശേഷാധികാരങ്ങൾ നഷ്‌ടപ്പെടുമെന്ന് ഭയക്കുന്ന ആണധികാരികളാണ്. ചോർന്നുപോകും എന്ന് ഭയക്കുന്ന തന്റെ അധികാരാവകാശങ്ങളെ ആൺകോയ്‌മ കൂടുതൽ ശക്തമായി സ്ഥാപിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വത്വാവിഷ്‌കാരത്തിനും പരിധി കൽപ്പിക്കുകയും ചെയ്യുന്നു. ഇത് ആൺപെൺ ബന്ധങ്ങളേയും വീട്ടകങ്ങളേയും സംഘർഷഭരിതമാക്കുന്നു. ഇത് കൂടുതൽ നിയന്ത്രണങ്ങളായും മതശാസനകളായും സദാചാര പൊലീസിംഗായും ദുരഭിമാനക്കൊലകളായും ശാരീരിക ലൈംഗിക പീഡനങ്ങളായും അതോടൊപ്പം യഥാർത്ഥ ലോകത്തിന്റെ പതിപ്പായ സൈബർ സ്‌പേസിൽ നടക്കുന്ന തെറിവിളികളായും ഭീഷണികളായും അപമാന ശ്രമങ്ങളായും ട്രോളുകളായും തമാശകളായും കൂടി പ്രത്യക്ഷപ്പെടുന്നു. അങ്ങനെ കേരളം എന്നപോലെ മലയാളം സൈബർ സ്പേസും സ്ത്രീവിരുദ്ധതയുടെ ഭൂമികയായി മാറി.
പെണ്ണത്തം അതിന്റെ നിർമ്മിതികളെ തിരിച്ചറിയുന്നത് ശരീരത്തിന്മേലുള്ള പുരുഷാധിപത്യത്തിന്റെ കെട്ടുകളെ തിരിച്ചറിയുന്നിടത്താണ്. ശരീരത്തിന്മേൽ നിരന്തരം കോയ്‌മയുടെ ഭാഷകൊണ്ടെഴുതി പുല്ലിംഗത്തിന്റെ ആനന്ദോപകരണമാക്കി അതിനെ ചുരുക്കുന്ന, സ്ത്രീയുടെ ആനന്ദങ്ങളെ നിരാകരിക്കുന്ന ആധിപത്യത്തെയാണ് ചോദ്യം ചെയ്യേണ്ടത്. പുരുഷനെ ലൈംഗികതയുടെ കർത്താവാക്കുകയും പുല്ലിംഗത്തിന്റെ, ആഹ്ലാദത്തിന്റെ ചരിത്രമായി ശരീരത്തിന്റെ ചരിത്രം മാറുകയും ചെയ്യുന്ന പെൺ- ആൺ ലൈംഗികതയുടെ ആഘോഷത്തെ നിർമ്മിക്കുന്ന സുപ്രധാന സ്ഥാപനം കുടുംബമാണ്. കുടുംബത്തിനകത്താണ് സ്ത്രീ ഏറ്റവുമധികം ഞെരിച്ചമർത്തപ്പെടുന്നത്. സൂക്ഷ്‌മമായ പ്രത്യയശാസ്ത്ര പ്രയോഗം കൊണ്ടാണ് വീടിനുള്ളിൽ സ്ത്രീ വെറും നിസംഗമായ ഉപകരണമായി മാറ്റപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങൾ നടക്കുന്നത് പുറത്തല്ല, അകത്താണ്. വീടിന്റെ അകങ്ങളിൽ നടക്കുന്ന ബലാത്ക്കാരങ്ങൾ, ഇണയുടെ മനസറിയാതെയുള്ള കടന്നുകയറ്റങ്ങളൊക്കെയാണ് ഇതിൽ പലതും.
ചരിത്രപരമായി തുടരുന്ന ആണിന്റെ അടിച്ചമർത്തലും പെണ്ണിന്റെ എല്ലാത്തരത്തിലുമുള്ള കീഴടങ്ങലും ഉടൽ എന്ന ബിംബത്തെ അടിസ്ഥാനപ്പെടുത്തിയാണ്. പെണ്ണും ആണും മാത്രമല്ല അതൊന്നുമല്ലാത്ത ഉടലുകളും തങ്ങളുടെ സ്വത്വം പ്രഖ്യാപിക്കുന്ന കാലത്ത് ഏറെ ചോദ്യം ചെയ്യപ്പെടുന്നത് കുടുംബവും ലൈംഗികതയുമാണ്. രണ്ടു ശരീരങ്ങൾ പരസ്പരം നൽകുന്ന പ്രണയവും സുരക്ഷിതത്വവുമാണ് ലൈംഗികതയെന്ന് പുരുഷൻ മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അത്തരമൊരു കാലം സംജാതമാകാത്തിടത്തോളം കാലം ചതുരവും ഉടലും ഉൾപ്പെടെയുളള സിനിമകൾ കാണാൻ തീയേറ്ററിൽ കയറാതെ അതിനെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മലയാളി തളച്ചിടും.