തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീ‌ഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ അരുവിക്കര പൊലീസ് കേസെടുത്തു. വിജിലൻസ് കുഞ്ചാംലുംമൂട് ഓഫീസിലെ പൊലീസുകാരനായ കരകുളം കാച്ചാണി സ്നേഹവീട്ടിൽ സാബു. വി.എസിനെതിരെയാണ് (47) തിരുവനന്തപുരം സ്വദേശിനിയുടെ പരാതി.

മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്ന യുവതിയുമായി ഏഴുവർഷമായി പ്രണയത്തിലായിരുന്ന സാബുവിന് വേറെ ഭാര്യയും മക്കളുമുണ്ട്. വിവാഹം കഴിക്കുമെന്നു പറഞ്ഞ് കബളിപ്പിച്ചായിരുന്നു പീഡനം. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ കൊണ്ടുപേയി നിരവധിതവണ പീഡിപ്പിച്ചെന്നാണ് പരാതി. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്‌തു. പരാതി നൽകാൻ പോകുന്നതറിഞ്ഞ് ഇയാൾ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ഒളിവിൽ പോയ സാബുവിനുവേണ്ടി അരുവിക്കര പൊലീസ് തെരച്ചിൽ ആരംഭിച്ചു. എന്നാൽ ഇയാൾക്കെതിരെ വകുപ്പുതല നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. കേസ് ഒതുക്കി ത്തീർക്കാൻ വ്യാപക ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.