ഇന്ന് യു.ഡി.എഫ് പ്രതിഷേധം വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ നടത്തുന്നത് ഞെട്ടിപ്പിക്കുന്ന അഴിമതികളാണെന്നും ഇതുപോലെ അഴിമതിയിൽ മുങ്ങിയ ഒരു മേയർ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കത്ത് വിവാദത്തെ തുടർന്ന് മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ആരംഭിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ ജില്ലകളിലും റിക്രൂട്ടിംഗ് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. മേയറുടെ ലെറ്റർപാഡ് എടുക്കാൻ കഴിയുന്നത് ആർക്കാണെന്നും കത്ത് പുറത്തായതിലൂടെ സ്ഥിരം നടക്കുന്ന കളവ് വെളിച്ചത്തായി എന്ന് മാത്രമേയുള്ളൂ. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻമന്ത്രി വി.എസ്.ശിവകുമാർ, ശാസ്തമംഗലം മോഹൻ,പെരുന്താന്നി പത്മകുമാർ, ഡി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം നഗരസഭയിലെ സമരം ഇന്നുമുതൽ യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. 10ന് എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കും.അന്ന് ജില്ലയിലെ മണ്ഡലം കമ്മിറ്റികൾ അഴിമതി ഭരണത്തിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും.12ന് വാർഡുകളിലും യു.ഡി.എഫ് ധർണ സംഘടിപ്പിക്കും. തുടർന്ന് നഗരസഭാ പരിധിയിലെ 9 ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രചാരണജാഥ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.