വിതുര: ജനവാസമേഖലയിൽ പുലിയിറങ്ങി ഭീതി പരത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പുലിയെ പിടികൂടുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ തുടങ്ങി ക്കഴിഞ്ഞു. വിതുര പഞ്ചായത്തിലെ ജനവാസമേഖലയിൽ ഒരാഴ്ചയ്ക്കെ രണ്ട് തവണയാണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ ദൂരെ വിതുര വാർഡിലെ താവയ്ക്കൽ മേഖലയിലാണ് പ്രദേശവാസികൾ രണ്ട് തവണ പുലിയെ കണ്ടതായി പറയുന്നത്. വിതുര താവയ്ക്കലിലുള്ള പൗൾട്രി ഫാമിന് സമീപമാണ് കഴിഞ്ഞ ദിവസം വൈകിട്ട് മഴപെയ്തസമയത്ത് പുലി എത്തിയത്. ആളനക്കം കേട്ടതോടേ പുലി ഓടിപ്പോയതായി നാട്ടുകാർ പറയുന്നു. ഇതിന് തൊട്ടുമുൻപ് പുലർച്ചെ ടാപ്പിംഗിന് പുറപ്പെട്ട തൊഴിലാളിയും വഴിമദ്ധ്യേ പുലിയെ കണ്ടിരുന്നു. നാട്ടുകാരുടെ പരാതിയിന്മേൽ വനപാലകർ പ്രദേശത്ത് പരിശോധന നടത്തിയതിനെ തുടർന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് പുലിയെ കണ്ട ഭാഗങ്ങളിലായി കഴിഞ്ഞദിവസം രണ്ട് സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. കാമറകൾ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഒരാഴ്ച നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. പുലി എത്തുന്നതായി വ്യക്തമായാൽ കെണി ഒരുക്കി പിടികൂടുമെന്ന് പാലോട് റേഞ്ച് ഓഫീസർ എസ്.രമ്യ അറിയിച്ചു. വനപാലകരുടെ നേതൃത്വത്തിൽ രാത്രിയിലും പുലിക്കായി തെരച്ചിൽ നടത്തുന്നുണ്ട്. പുലിയല്ല കാട്ടുപൂച്ചയാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതേസമയം പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ താവയ്ക്കൽ നിവാസികൾ ഭീതിയുടെ നിഴലിലാണ്. പുലിയെ പിടിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നാട്ടുകാർ ജാഗ്രത പുലർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു.