മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പൈപ്പ് വെള്ളം ആശ്രയിക്കുന്ന അനേകം കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്തിൽ ഏറെയും ബുദ്ധിമുട്ടുന്നത്. വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, മലയിൻകീഴ് തുടങ്ങിയ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടുന്നത് ഇതോടെ പതിവാകുകയാണ്. ഇവിടങ്ങളിലെല്ലാം പൈപ്പ് വെള്ളം ലഭ്യമായിട്ട് ദിവസങ്ങളായി. പൈപ്പുകൾ പൊട്ടി കുടിവെളളം അനാവശ്യമായി പാഴാക്കുന്ന വാട്ടർ അതോറിട്ടി, ആവശ്യക്കാർക്ക് കുടിവെളളം നൽകാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുടിവെള്ളം നൽകാത്തതെന്ന ആക്ഷേപവും നിലവിലുണ്ട്. പോങ്ങുംമൂട്, കണ്ടല, തൂങ്ങാംപാറ, മാവുവിള, ഊരുട്ടമ്പലം, മൂലക്കോണം, പ്ലാവിള തുടങ്ങിയ മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും മലയിൻകീഴ്, ശാന്തിനഗർ, ശാന്തുമൂല, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, അന്തിയൂർക്കോണം, മേപ്പൂക്കട, ആൽത്തറ തുടങ്ങിയ മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും കാളിപ്പാറ പദ്ധതിയിൽ നിന്നാണ് കുടിവെള്ളമെത്തുന്നത്. എന്നാൽ പലപ്പോഴും ഈ പ്രദേശങ്ങളിൽ കുടിവെള്ളംമുടങ്ങുന്നത് പതിവാണ്. ടാങ്ക് വാഷ് ചെയ്യുന്നുവെന്ന പേരിൽ അഞ്ച് ദിവസത്തിനു ശേഷമാകും വെള്ളമെത്തുന്നത്. കുടിവെള്ള വിവരം അന്വേഷിക്കുമ്പോൾ കാട്ടാക്കട വാട്ടർ അതോറിട്ടി നൽകുന്ന മറുപടി നെയ്യാറ്റിൻകര എ.ഇ.യുടെ പരിധിയിലെന്നായിരിക്കും. എന്നാൽ നെയ്യാറ്റിൻകര അധികൃതരെ ഫോൺ ചെയ്യുമ്പോൾ ഉടൻ വെള്ളം എത്തും പമ്പിംഗ് തുടങ്ങിയല്ലോ... എന്നുള്ള മറുപടിയാണ് ലഭിക്കുക. വിളവൂർക്കൽ പഞ്ചായത്തിലെ മലയം, പൊറ്റയിൽ, ചൂഴാറ്റുകോട്ട, പ്യടാരം, കീണ, ഈഴക്കോട്, കോളച്ചിറ എന്നീ പ്രദേശങ്ങളിൽ മങ്കാട്ടുകടവിൽ നിന്നാണ് വെള്ളമെത്തേണ്ടത്. വിളപ്പിൽശാല, അരുവിപ്പുറം, ചെറുകോട്, കരിവിലാഞ്ചി, മുളയറ, പേയാട്, പുളിയറക്കോണം, പടവൻകോട് എന്നീ വിളപ്പിൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട സ്ഥലങ്ങളിൽ വെള്ളൈക്കടവ് പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടതെങ്കിലും കുടിവെള്ളം എങ്ങനെ മുടക്കാമെന്ന ചിന്തയാണ് ഇവിടത്തെ പമ്പ് ഹൗസ് ജീവനക്കാരിൽ നിന്നുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം ലഭ്യമാക്കാൻ ശാശ്വത പരിഹാരമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കാരണങ്ങൾ പലത്
കൂറ്റൻ പൈപ്പുകൾ പൊട്ടുന്നത് ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നതിനും കാരണമാകാറുണ്ട്. കുടിവെളള ക്ഷാമത്തിനെതിരെ ജനങ്ങൾ ഒത്തുകൂടുമ്പോൾ അധികൃതർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴയപടി വെള്ളം മുടങ്ങും. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തുകളും തയാറാകുന്നില്ല. പാത്രങ്ങൾ നിരത്തി പൊതു ടാപ്പുകൾക്ക് മുന്നിൽ കുടിവെള്ളത്തിനായി കാത്തിരിക്കുന്നവർ നിരാശരാവുകയാണ് പതിവ്. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിയതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ മറ്റൊരു കാരണം.
കിട്ടാക്കനിയാകുന്നു
കിട്ടാക്കനി കണക്കെയാണ് പൈപ്പ് വെള്ളം ലഭ്യമാകുന്നത്. എന്നാൽ കിട്ടുന്നതോ... നിശ്ചിത സമയത്തേക്ക് മാത്രം. യാതൊരു മുന്നറിയിപ്പും നൽകാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നത് ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വാട്ടർ അതോറിട്ടി അധികൃതരോട് ഇക്കാര്യം അറിയിച്ചാൽ അവർ നൽകുന്ന മറുപടി പത്രവാർത്ത നൽകിയിരുന്നുവെന്നാണ്.