കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചതായി പറയുന്നത് ശരിയല്ലെന്ന് പ്രസിഡന്റ് അറിയിച്ചു. സമീപത്തെ എൽ.എസ്.ജി.ഡി ഓഫീസിലെ കണക്ഷനാണ് വിച്ഛേദിച്ചത്. പ്രസ്തുത ഓഫീസിലടക്കം രണ്ടു മാസം കൂടുമ്പോഴുള്ള വൈദ്യുതി ബില്ലിൽ കൃത്യമായി അടയ്ക്കുന്നുണ്ട്. കുടിശിക വന്ന തുക അടയ്ക്കാനായി അറിയിപ്പ് വന്നതിനെ തുടർന്ന് വ്യക്തതയ്ക്കുവേണ്ടി കെ.എസ്.ഇ.ബിക്ക് പഞ്ചായത്ത് കത്ത് നൽകിയിരുന്നെങ്കിലും വിശദാംശം ലഭിച്ചിരുന്നില്ല. ആയതിനാൽ തുക അടയ്ക്കാനായില്ല. എന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് മുൻപ് ഉടമസ്ഥനെ അറിയിക്കുന്ന ഒരു സാമാന്യ മര്യാദപോലും ഇല്ലാതെ പ്രസിഡന്റിനെയൊ സെക്രട്ടറിയെയൊ അറിയിക്കാതെ രഹസ്യമായി ജീവനക്കാർ ഓഫീസിലെത്തി വൈദ്യുതി വിച്ഛേദിക്കുകയാണുണ്ടായത്. പഞ്ചായത്തിനെ ഇകഴ്ത്തി കാട്ടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് ഹരികുമാർ അറിയിച്ചു. അടിയന്തരമായി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനും കുടിശിക തുക അടയ്ക്കാനും നടപടി സ്വീകരിച്ചു.