vldra

വെള്ളറട: പെരുങ്കടവിള ചെമ്പൂര് കരിക്കോട്ട് കുഴിയിൽ ഓഡിറ്റോറിയത്തിന്റെ രണ്ടാംനില കോൺക്രീറ്റ്‌ ചെയ്യുന്നതിനിടെ തട്ട് തകർന്നുവീണ് നാലുപേർക്ക് പരിക്കേറ്റു. ചെമ്പൂര് കരിക്കോട്ടുകുഴി ബഥേൽ ഭവനിൽ സ്റ്റാൻലിയുടെ ബഥേൽ ഓഡിറ്റോറിയത്തിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11.20ഓടെയാണ് സംഭവം.

25 അടി ഉയരത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെ തട്ടിനടിയിൽ സ്ഥാപിച്ചിരുന്ന മുളയുടെ തൂണുകൾ തെന്നിമാറിയതോടെ തട്ട് തകർന്നു വീഴുകയായിരുന്നുവെന്ന് ആര്യങ്കോട് പൊലീസ് അറിയിച്ചു. കരിക്കോട്ടുകുഴി വലിയവഴി സ്വദേശികളായ ജയലാൽ (36), സുധീഷ് (25), കള്ളിമൂട് സ്വദേശിയായ സെൽവരാജ് ( 60 ), കിളിയൂർ മുട്ടച്ചൽ സ്വദേശിയായ ലിബു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്നുപേർ തട്ടിന് താഴെയും ഒരാൾ തട്ടിന് മുകളിലുമാണ് നിന്നത്. പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ 23 പേരാണ് കോൺക്രീറ്റ് പണിക്ക് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആര്യങ്കോട് പൊലീസും കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അശാസ്ത്രീയമായ തട്ടും മുളംകമ്പ്

കൊണ്ടുള്ള താങ്ങും അപകടമുണ്ടാക്കി

വെള്ളറട: കോൺക്രീറ്റിനായി അശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ തട്ടും താങ്ങി നിറുത്തുന്നതിനായി ഉപയോഗിച്ച മുളകൊണ്ടുള്ള താത്കാലിക കാലുകൾക്കുമുണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണം. മുളം കാലുകൾ ഇളകിമാറിയതോടെ തട്ടിന്റെ ഒരുഭാഗം താഴേക്ക് പൊളിഞ്ഞുവീഴുകയായിരുന്നു. ശബ്ദംകേട്ട് മറ്റുള്ളവർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി.

ആരെങ്കിലും കോൺക്രീറ്റിനടിൽ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു. രണ്ടാം നിലയിയിലെ ബാൽക്കണിയുടെ പണി നടത്തുന്നതിനിടെയാണ് അപകടം. അശാസ്ത്രീയമായ നിർമ്മാണമാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്യങ്കോട് പൊലീസ് സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങി.