തിരുവനന്തപുരം: ആത്മവിശ്വാസം നിറഞ്ഞ വാക്കുകളും നിറചിരിയുമായി കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്‌പീക്കറും ശിശുദിനാഘോഷങ്ങൾക്കായി ഒരുങ്ങി. ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷം 14ന് തലസ്ഥാനത്ത് നടക്കുമ്പോൾ വെള്ള കുർത്തയും തലപ്പാവും ധരിച്ച് പരിപാടികൾക്ക് നേതൃത്വം നൽകുന്നത് അഞ്ച് പെൺകുട്ടികളായിരിക്കും.
എൽ.പി, യു.പി തലങ്ങളിൽ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരങ്ങളിൽ വിജയിച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവരാണ് ഇവർ. ക്രൈസ്റ്റ് നഗർ സ്‌കൂളിലെ നാലാം ക്ളാസുകാരിയായ മിന്നാ രഞ്ജിത്താണ് കുട്ടികളുടെ പ്രധാനമന്ത്രി. ഹോളി ഏഞ്ചൽസിലെ ആറാം ക്ളാസുകാരി നന്മ. എസ് പ്രസിഡന്റും കോട്ടൺഹിൽ സ്‌കൂളിലെ ഏഴാം ക്ളാസുകാരി ഉമ. എസ് സ്‌പീക്കറുമാണ്. ശിശുവിഹാർ സ്‌കൂളിലെ നാലാം ക്ളാസുകാരി പാർവണേന്ദു .പി.എസ് സ്വാഗതവും കാർമ്മൽ സ്‌കൂളിലെ നാലാം ക്ളാസുകാരി ഗൗതമി.എം.എൻ നന്ദിയും പറയും. കുട്ടിക്കൂട്ടം ഇപ്പോൾ തൈക്കാട് ശിശുക്ഷേമ സമിതിയിൽ പ്രസംഗ പരിശീലനത്തിലാണ്.
കുട്ടികൾ ആവേശത്തിൽ
നിശാഗന്ധി ഓഡിറ്രോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയും മ്യൂസിയം വരെ തുറന്ന ജീപ്പിലുള്ള യാത്രയും കാത്തിരിക്കുകയാണ് കുട്ടിപ്പട. പ്രസംഗത്തിനുള്ള പരിശീലനം മാത്രമല്ല, പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുള്ള വേദി കൂടിയാണ് അവർക്കിത്. ഒരാൾക്ക് തെറ്രുമ്പോൾ കളിയാക്കാതെ പരസ്‌പരം പ്രോത്സാഹിപ്പിക്കും. ഇടവേളകളിൽ പാട്ട് പാടും. പക്ഷേ വേദിയിൽ കയറിയാൽ പയറ്രിത്തെളിഞ്ഞ പ്രാസംഗികരാണ് അഞ്ച് പേരുമെന്ന് പ്രസംഗ പരിശീലകൻ പള്ളിപ്പുറം ജയകുമാർ പറയുന്നു. ' നേടിയതൊന്നും പാഴാക്കരുതേ, അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രപ്രതിരോധം ' എന്ന ആശയത്തിലൂന്നിയാവും കുട്ടികൾ പ്രസംഗിക്കുന്നത്.
' ഓരോ വർഷം കഴിയുന്തോറും കുട്ടികളിൽ കഴിവ് കൂടി വരുന്നു. ഇത് കുട്ടികൾക്ക് ജീവിതത്തിലെ
മറക്കാനാവാത്ത അനുഭവമായിരിക്കും'
പള്ളിപ്പുറം ജയകുമാർ,
പ്രസംഗ പരിശീലകൻ