പാലോട്: പാലോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പാലോട് വ്യാപാരി വ്യവസായി അംഗങ്ങളുടേയും കെ.എസ്.ആർ.ടി.സി അധികൃതരുടേയും ടെമ്പോ, ടാക്സി, ആട്ടോ ഡ്രൈവേഴ്സ് യൂണിയന്റേയും പൊതുപ്രവർത്തകരുടേയും സംയുക്ത സമിതി രൂപീകരിച്ച് പാലോട് കുശവൂർ ജംഗ്ഷനിലെ നിലവിലുള്ള ട്രാഫിക് പ്രശ്നങ്ങൾ വിലയിരുത്തി. ഇതേ തുടർന്ന് ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കുശവൂർ ജംഗ്ഷനിൽ നിന്നും എ.എ ആഡിറ്റോറിയം വരെയും മഹാറാണി ഹോട്ടലിന്റ മുൻഭാഗം വരെയും നോ പാർക്കിഗ് ഏരിയാ ആയി മാറ്റും. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ പാർക്ക് ചെയ്യുന്നതിന് യഥാസ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ നിശ്ചയിച്ചും മറ്റ് വാഹനങ്ങൾ കുശവൂർ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യിക്കുന്നതിനും തീരുമാനമായി. ഇനി മുതൽ അനധികൃതമായി വാഹനം പാർക്കു ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.