
തിരുവനന്തപുരം: സൂപ്പർ ക്ലാസ് സർവീസുകൾക്കായി അറുപഴഞ്ചൻ ബസുകൾ തുടർന്നും ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. ഫാസ്റ്റ് പാസഞ്ചറിനു മുകളിലുള്ള സൂപ്പർക്ലാസ് സർവീസ് നടത്തുന്ന ബസുകൾ അഞ്ചു വർഷം വരെ മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിയമം. അതു കഴിഞ്ഞാൽ ഓർഡിനറി സർവീസുകൾക്കായി മാറ്റണം. സർക്കാർ നിയമം സർക്കാർ തന്നെ തുടർച്ചയായി ലംഘിക്കുകയാണ്.
ബസുകളുടെ കാലവധി കൂട്ടി നൽകണമെന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി എം.ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കത്തയയ്ക്കുന്നു. സെക്രട്ടറി അതനുവദിച്ച് ഉത്തരവിറക്കുന്നു. രണ്ടു ചുമതലയും വഹിക്കുന്നത് ബിജു പ്രഭാകർ തന്നെ.നവംബറിൽ 9 വർഷം പഴക്കമായ 159 ബസുകളെ ഇനി ഒരു വർഷം കൂടി സൂപ്പർ ക്ലാസ് സർവീസായി ഓടിക്കും.
2018ലാണ് ഈ ബസുകളുടെ അഞ്ചു വർഷം കാലാവധി പൂർത്തിയായത്. അന്ന് രണ്ടു വർഷം കൂടി സൂപ്പർ ക്ലാസ് സർവീസ് നടത്താൻ അനുവദിച്ചു. പിന്നീട് വീണ്ടും രണ്ടു വർഷം അനുവദിച്ചു. അങ്ങനെ ഒൻപത് വർഷമായി ദീർഘദൂര സർവീസുകൾ നടത്തി വരുന്ന ബസുകളുടെ കാലാവധിയാണ് ഒരു വർഷം കൂടി നീട്ടി നൽകിയത്. ശബരിമല സീസണിന്റെ പേരിലാണ് ഇപ്പോൾ കാലാവധി കൂട്ടിയത്.
കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് സർവീസിന് ഉപയോഗിക്കുന്ന 1800 ബസുകളുടെ കാലാവധിയും നേരത്തെ ദീർഘിപ്പിച്ചവയാണ്. അതിൽ കഴിഞ്ഞ മാസം കലാവധി അവസാനിച്ചവയുടേതാണ് ഇപ്പോൾ ദീർഘിപ്പിച്ചത്.
പുതിയ ബസുകൾ വൈകി
കെ.എസ്.ആർ.ടി.സി സിഫ്ടിനു വേണ്ടി കിഫ്ബി വായ്പയുടെ ആദ്യ ഘട്ടമായി ലഭിച്ച 359 കോടി രൂപ ഉപയോഗിച്ച് 600 ഡീസൽ ബസുകളും 179 ഇലക്ട്രിക് ബസുകളും വാങ്ങാനുള്ള നടപടികൾ വൈകുന്നതാണ് പഴഞ്ചൻ ബസുകൾ ഉപയോഗിക്കാൻ കാരണം.
ഡീസൽ ബസുകൾക്കുള്ള ടെൻഡറിൽ അശോക് ലൈലാൻഡ് കമ്പനിയാണ് വിജയിച്ചത്. പക്ഷേ, അവസാനം ബസ് വാങ്ങിയതിനെ അപേക്ഷിച്ച് 3.5 ലക്ഷം രൂപ കൂടുതൽ വേണമെന്ന ലൈലാൻഡിന്റെ ആവശ്യം കെ.എസ്.ആർ.ടി.സി അംഗീകരിച്ചിരുന്നില്ല.
ആക്രിവിലയ്ക്കു വിറ്റു
ജൻറം പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകിയ ബസുകളിൽ 473 എണ്ണം ആക്രിവിലയ്ക്ക് വിറ്റത് ഈയിടെയാണ്. അവയിൽ പലതും പത്തു വർഷം പൂർത്തിയാക്കിയവയായിരുന്നു.
ആദ്യ ഘട്ടമായി 418 എണ്ണവും രണ്ടാം ഘട്ടമായി 55 എണ്ണവുമാണ് വിറ്റത്.