sathyan

തിരുവനന്തപുരം: സാംസ്‌കാരിക രംഗത്ത് അപചയം സംഭവിക്കുകയാണെന്നും അത് മാറ്റിയെടുക്കാൻ സാംസ്‌കാരിക പ്രവർത്തകരും കലാകാരന്മാരും ഒരുമിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സത്യന്റെ 110ാം ജന്മവാർഷികം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഥാപാത്രങ്ങളെ തന്നിലേക്ക് സന്നിവേശിപ്പിച്ച് സ്ക്രീനിലെത്തിക്കുകയും അഭിനയചാതുരിയിലൂടെ കാണികളെ ആവാഹിക്കുകയും ചെയ്‌ത നടനാണ് സത്യനെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്‌ത വേഷങ്ങളെ ഭാവപൂർണതയോടെ അരങ്ങിലെത്തിച്ച മഹാപ്രതിഭയായിരുന്നു സത്യനെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി ഡോ.ആർ.​ബിന്ദു പറഞ്ഞു. പ്രൊഫ.ജോർജ് ഓണക്കൂർ,​ മുൻ മേയർ കെ.ചന്ദ്രിക, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,​ പിന്നണി ഗായകൻ മണക്കാട് ഗോപൻ,​ സത്യന്റെ മകൻ ജീവൻ സത്യൻ,​ ചെറുമകൾ ആശ ജീവൻ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.