തിരുവനന്തപുരം: നവോത്ഥാന പോരാട്ടങ്ങളുടെ സമരഭരിതമായ ചരിത്രമുള്ള ഇന്ത്യ, നരബലിയും ബാലികാവധവും അരങ്ങേറുന്ന ദുരന്തഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർഗീയ ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനൊപ്പം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് രാജ്യം മുന്നോട്ടല്ല നടക്കുന്നത്. വർഗീയ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ പിന്നോട്ട് നടക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യൻകാളിയുടെയും അയ്യാ വൈകുണ്ഠ സ്വാമികളുടെയും പൈതൃകമുള്ള കേരളം നവോത്ഥാന നിലനിൽപ്പിനെയും പുരോഗമന ചിന്തയെയും നിലനിറുത്താൻ പോരാടണം. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ.അനിൽ, കവി ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി.