തിരുവനന്തപുരം: തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ ക്രിസ്തുരാജത്വ തിരുനാൾ മഹാമഹത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങുകൾക്ക് ശേഷം രാത്രി 7.30ന് ഇടവക വികാരി ഫാ.ജോർജ് ഗോമസ് കൊടിയേറ്റും. തുടർന്ന് ക്രിസ്തുരാജ പാദപൂജ നടക്കും. തിരുനാൾ ദിവസങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും സമൂഹദിവ്യബലിയും വചനപ്രഘോഷണങ്ങളും നടക്കും. 20ന് പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.

ഇന്ന് വൈകിട്ട് 4.30ന് കൊല്ലം അതിരൂപതാ ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ കാർമ്മികത്വത്തിൽ സമൂഹദിവ്യബലി നടക്കും. 13ന് രാവിലെ 10ന് മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സമൂഹദിവ്യബലി നടക്കും.18ന് വൈകിട്ട് 5.30ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് സമൂഹദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.19ന് വൈകിട്ട് 5ന് തിരുവനന്തപുരം അതിരൂപത ചാൻസലർ ഡോ.സി.ജോസഫിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദന പ്രാർത്ഥന, 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകാണ്ടുള്ള പ്രദക്ഷിണം എന്നിവ നടക്കും. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തിച്ചേരും. സമാപനദിവസമായ 20ന് രാവിലെ 10.30ന് 50,000 തീർത്ഥാടകർക്ക് സ്നേഹവിരുന്ന് നൽകും.വൈകിട്ട് 5.30ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമ്മികനാകും. തിരുനാളിന് സമാപനം കുറിച്ച് 25ന് വൈകിട്ട് 5.30ന് ഇടവക വികാരി ഡോ.ജോർജ്.ജെ.ഗോമസ് കൊടിയിറക്കുമെന്ന് വികാരി ഫാ.ഡോ.ജോർജ് ഗോമസ്, സെക്രട്ടറി ഷാജി ഡിക്രൂസ്,പബ്ളിസിറ്റി കൺവീനർ ആന്റണി ജോർജ്,തിരുനാൾ ജനറൽ ക്യാപ്ടൻ ബിബിയൻ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ

തിരുനാൾ പ്രമാണിച്ച് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും വെട്ടുകാടേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ പാസഞ്ചറുകൾക്ക് പുറമെ പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് റെയിൽവേ സ്റ്റോപ്പനുവദിച്ചിട്ടുണ്ട്. പൊലീസിന്റെ കൺട്രോൾ റൂമും തയ്യാറായി.നഗരസഭയുടെ ശുചീകരണ വിഭാഗം ഹെൽത്ത് സ്‌ക്വാഡും സജ്ജമാക്കി.ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്നതിന് ഗ്രീൻ വോളന്റിയേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി

തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും മുമ്പ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി,വാഴിച്ചൽ, കള്ളിക്കാട്,ഒറ്റശേഖരമംഗലം,കീഴാറൂർ,കുളത്തുമ്മൽ,മാറനല്ലൂർ, മലയിൻകീഴ്,വിളവൂർക്കൽ,വിളപ്പിൽ എന്നീ വില്ലേജുകളിൽ വരുന്നതുമായ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം കളക്ടർ ജെറോമിക ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.