hj

തിരുവനന്തപുരം: എട്ടു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ചരിത്ര പഠനം കൂടുതൽ എളുപ്പമാക്കാൻ 'പാദമുദ്ര' എന്ന പദ്ധതിയൊരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പ്രാദേശിക ചരിത്രങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എന്നിവ ഉൾപ്പെടെ ഗവേഷണാത്മക രീതിയിൽ കണ്ടെത്തുകയും പഠിക്കുകയും ചെയ്യാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ചരിത്ര പഠനത്തിനാവശ്യമായ വട്ടെഴുത്ത്, കോലെഴുത്ത് പോലുള്ള എഴുത്തുവിദ്യകളും പരിചയപ്പെടുത്തും. സമഗ്ര ശിക്ഷാ കേരളത്തിനാണ് (എസ്.എസ്.കെ) നടത്തിപ്പ് ചുമതല.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളെയാകും ആദ്യഘട്ടത്തിൽ പങ്കാളികളാക്കുക. അൺ എയ്ഡഡ് സ്കൂളുകളിൽ പിന്നീട് നടപ്പാക്കും. സ്കൂളുകളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ചുമതലയുള്ള അദ്ധ്യാപകർക്ക് പദ്ധതിയെക്കുറിച്ച് പരിശീലനം നൽകും. ശേഷം കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ ശില്പശാല സംഘടിപ്പിക്കും. ഇതിൽ മികവു പുലർത്തുന്ന കുട്ടികളെ ബി.ആർ.സി തലത്തിലെ ദ്വിദിന ശില്പശാലയിലും തുടർന്ന് ജില്ലാ, സംസ്ഥാന ശില്പശാലകളിലും നാഷണൽ എക്സ്‌പോഷർ വിസിറ്റിനും അവസരമൊരുക്കും. സാമൂഹ്യ ശാസ്ത്ര ക്ലബിൽ അംഗങ്ങളായ കുട്ടികൾക്ക് മുൻഗണന നൽകും.

കേരള ചരിത്ര കൗൺസിൽ ഉൾപ്പെടെയുള്ളവയുടെ സഹായവും പദ്ധതിക്കുണ്ട്. പൊതുവായുള്ള ചരിത്രത്തിനപ്പുറം പ്രാദേശികമായ ചരിത്രത്തിന്റെ സവിശേഷതയും വിശദാംശങ്ങളും തിരിച്ചറിയാൻ കുട്ടികളെ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കുട്ടികളിൽ ചരിത്ര പഠനത്തിന് താത്പര്യം വർദ്ധിപ്പിക്കാനും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠന പ്രവർത്തനങ്ങൾ നടത്തി മികവുറ്റ ചരിത്രാന്വേഷികളാകുന്നതിനും 'പാദമുദ്രകൾ ' ഏറെ പ്രയോജനപ്പെടും.

ഡോ. സുപ്രിയ എ.ആർ,

ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം