photo

അപമാനകരവും ദുരുദ്ദേശ്യപ്രേരിതവുമായ ഉള്ളടക്കങ്ങളുടെ പേരിൽ മാദ്ധ്യമങ്ങളെ കർക്കശമായി നിയന്ത്രിക്കാൻ ഇടതുമുന്നണി സർക്കാർ കൊണ്ടുവരാനുദ്ദേശിച്ച പുതിയ ബിൽ കൂടുതൽ പരിശോധനകൾക്കുശേഷം പരിഗണിക്കാനായി ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം മാറ്റിവച്ചിരിക്കുകയാണ്. മാദ്ധ്യമങ്ങൾക്കെതിരെ ഇപ്പോൾ ഇത്തരത്തിലൊരു കരിനിയമം കൊണ്ടുവരാൻ സർക്കാരിന് ന്യായീകരണങ്ങൾ കാണുമായിരിക്കും. എന്നാൽ ഭരണത്തിലില്ലാത്തപ്പോഴും ഭരണത്തിലിരിക്കുമ്പോഴും മാദ്ധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം വാദിക്കുന്നവർ തന്നെ മാദ്ധ്യമങ്ങൾക്കുമേൽ അപരിഷ്‌കൃതമായ ഒരു നിയമം കൊണ്ടുവരുന്നത് വിരോധാഭാസമാണ്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് മാദ്ധ്യമങ്ങളെ പൂട്ടാനുള്ള വഴിയാണ് സർക്കാർ തേടുന്നത്. ഇതിനൊപ്പം സി.ആർ.പി.സിയിലും ആവശ്യമായ ഭേദഗതി വരുത്തേണ്ടിവരും. അപമാനകരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ഏതു മാദ്ധ്യമത്തിനെതിരെയും പുതിയ ഭേദഗതി നിയമപ്രകാരം കേസെടുക്കാം. പരമാവധി രണ്ടുവർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകാം. സർക്കാരിനു അഹിതമായതോ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നതോ ആയ തീരുമാനങ്ങളും നടപടികളും പ്രതിഷേധം ക്ഷണിച്ചുവരുത്താറുണ്ട്. വിമർശനങ്ങളിൽ ക്രിയാത്മകമായവയും ദുരുദ്ദേശ്യ സ്വഭാവത്തിലുള്ളവയും ഉണ്ടാകാം. രാഷ്ട്രീയം നിലനിന്നു പോകുന്നതുതന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്നു പറയാം. വിമർശനങ്ങളെ നേരിടാൻ കൂടുതൽ പല്ലും നഖവുമുള്ള നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്ന സർക്കാർ വാർത്താവിനിമയ രംഗത്ത് ലോകത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന അവിശ്വസനീയവും സ്തോഭജനകവുമായ മാറ്റങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. മൂടിവയ്ക്കുന്നതെല്ലാം കണ്ടെടുത്ത് ജനങ്ങൾ മുമ്പാകെ അവതരിപ്പിക്കാൻ മാദ്ധ്യമങ്ങൾക്കിടയിൽ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. ഇവിടെ നിരോധനം ഏർപ്പെടുത്തിയാലും അറിയേണ്ടതൊക്കെ അറിയിക്കാൻ പുറത്തുള്ള മാദ്ധ്യമങ്ങൾ ധാരാളമുണ്ട്.

അപകീർത്തികരമായ ഏതു വാർത്തയുടെ പേരിലും അതു പ്രസിദ്ധീകരിക്കുന്ന സ്ഥാപനത്തിനെതിരെയോ വ്യക്തികൾക്കെതിരെയോ നടപടിയെടുക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്. ആ നിലയ്ക്ക് അവയ്ക്കു പുറമെ കൂടുതൽ കൂർത്തനഖങ്ങളോടുകൂടിയ പുതിയ നിയമം കൂടിയേ തീരൂ എന്നുവരുന്നത് സ്വേച്ഛാധിപത്യ പ്രവണതയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പൊലീസ് നിയമത്തിലെ 118 ഡി. വകുപ്പും ഐ.ടി നിയമത്തിലെ 66 എ. വകുപ്പും നേരത്തെ സുപ്രീംകോടതി റദ്ദാക്കിയ കാര്യം സർക്കാരിന്റെ നിയമോപദേശകർ മറന്നിട്ടുണ്ടാകില്ല. ഇതിനെ മറികടക്കാനായി കൊണ്ടുവരാനുദ്ദേശിച്ച പൊലീസ് ഭേദഗതി നിയമം ചാപിള്ളയായി കുഴിച്ചുമൂടേണ്ടിവന്ന ദുരവസ്ഥയും മറക്കാൻ കാലമായിട്ടില്ല. മാദ്ധ്യമ മാരണ നിയമം കൊണ്ടുവന്ന് സകല മാദ്ധ്യമങ്ങളുടെയും വായും കണ്ണും മൂടിക്കെട്ടാമെന്നു കരുതുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് വിവേകപൂർവം ചിന്തിക്കണം.

അപമാനകരവും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ വാർത്തകൾ, ചിത്രങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന ഏതു മാദ്ധ്യമത്തിനെതിരെയും കേസെടുക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി നിയമത്തിന്റെ കരട്. പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്ന വിവാദ പോസ്റ്ററുകൾ പോലും നിയമപരിധിയിൽ വരാം. ചുരുക്കത്തിൽ വഴിയേ പോകുന്ന ഒരു പൊലീസുകാരൻ വിചാരിച്ചാൽ ഇതിന്റെയൊക്കെ പേരിൽ ആളുകളെ കുടുക്കാം. നവമാദ്ധ്യമങ്ങൾ സകലയിടങ്ങളിലും ആടിത്തിമിർക്കുന്ന ഇക്കാലത്ത് ഒരാളും വിവാദ നിയമത്തിന്റെ പിടിയിൽ പെടാതെ പോവില്ലെന്നു ചുരുക്കം. ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ചു ബോധമുള്ളതുകൊണ്ടാകാം മന്ത്രിമാരിൽത്തന്നെ ചിലർ നിർദ്ദിഷ്ടനിയമ ഭേദഗതിക്കെതിരെ അഭിപ്രായപ്രകടനത്തിനു തുനിഞ്ഞത്. വിശദ പഠനത്തിനുശേഷം ബിൽ വീണ്ടും മന്ത്രിസഭ പരിഗണിക്കുമെന്നാണ് പറയുന്നത്. പഠനം വിശദമായിത്തന്നെ നടക്കട്ടെ. കരടുബിൽ നിയമവകുപ്പിന്റെ കസ്റ്റഡിയിൽത്തന്നെ സൂക്ഷിക്കുന്നതാകും ഉചിതം.