തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പിനുള്ള രണ്ടാംഘട്ട വിജ്ഞാപനം ദേശീയപാത മന്ത്രാലയം ഉടൻ പുറത്തിറക്കും. വിഴിഞ്ഞം, വിളപ്പിൽ വില്ലേജുകളിലാണ് ഇനി 3എ ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനമിറങ്ങേണ്ടത്. ചിറയിൻകീഴ്,കാട്ടാക്കട,നെടുമങ്ങാട്,നെയ്യാറ്റിൻകര,തിരുവനന്തപുരം,വർക്കല താലൂക്കുകളിലെ 31 വില്ലേജുകളിലായി 373.14 ഹെക്റ്റർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടത്.

45 മീറ്റർ വീതിയിലാണ് പ്രധാന പാതയുടെ നിർമാണം. വിഴിഞ്ഞം, വിളപ്പിൽ വില്ലേജുകളിലായി 48.3 ഹെക്റ്റർ ഭൂമിയാണ് ഏറ്രെടുക്കേണ്ടത്. ഇപ്പോഴത്തെ വിജ്ഞാപനപ്രകാരം നെടുമങ്ങാട് താലൂക്കിലെ തേക്കട വില്ലേജിലാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരിക. വിജ്ഞാപനം ചെയ്‌ത ഭൂമി സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്ക് സമർപ്പിക്കണം. പരാതികൾ ഹിയറിംഗ് നടത്തി പരിഹരിച്ച ശേഷമാകും ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച അന്തിമരൂപമുണ്ടാകുക. പ്രധാന പാതയ്ക്കുള്ള വിജ്ഞാപനമിറങ്ങിയെങ്കിലും സർവീസ് റോഡിനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സാമ്പത്തിക ബാദ്ധ്യത സംസ്ഥാന സർക്കാർ വഹിക്കണം. 7000 കോടിയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. പ്രധാന പാതയുടെ നിർമ്മാണച്ചെലവിൽ 50 ശതമാനം സംസ്ഥാന സർക്കാരും 50 ശതമാനം കേന്ദ്രവുമാണ് വഹിക്കേണ്ടത്.

വിജ്ഞാപനമിറങ്ങിയത്

സംയുക്ത പരിശോധനയില്ലാതെ

സാധാരണയായി എൻ.എച്ച്.എ.ഐയും (നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ) റവന്യു വകുപ്പും സംയുക്തമായി വെരിഫിക്കേഷൻ നടത്തി സ്ഥലം നിശ്ചയിച്ചശേഷമാണ് വിജ്ഞാപനമിറക്കേണ്ടത്. എന്നാൽ ഔട്ടർറിംഗ് റോഡിന്റെ കാര്യത്തിൽ സംയുക്ത വെരിഫിക്കേഷൻ നടന്നില്ല. ഗൂഗിൾ മാപ്പ് പ്രകാരമാണ് ഏറ്റെടുക്കേണ്ട സ്ഥലം കണ്ടെത്തിയിട്ടുള്ളത്. വിജ്ഞാപനം ചെയ്‌ത ഭൂമിയുമായി ബന്ധപ്പെട്ട് പരാതികളിൽ ഹിയറിംഗ് നടത്തി തീർപ്പുകല്പിക്കേണ്ടത് റവന്യു വകുപ്പാണെങ്കിലും ഇതിന് ആവശ്യമായ ഓഫീസുകൾ സജ്ജമായിട്ടില്ല.

സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്ക് കീഴിൽ നെയ്യാറ്റിൻകരയിൽ മാത്രമാണ് ഒരു യൂണിറ്റ് അനുവദിച്ചിട്ടുള്ളത്.

റവന്യുവകുപ്പിന്റെ അഞ്ച് യൂണിറ്റ് ഓഫീസുകൾ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നെയ്യാറ്റിൻകരയിൽ മാത്രമാണ് അനുവദിച്ചത്. കാട്ടാക്കട,മംഗലപുരം,നെടുമങ്ങാട്,കിളിമാനൂർ എന്നിവിടങ്ങളിലാണ് മറ്റ് യൂണിറ്റുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ ഒരേസമയം ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങിയാൽ പരാതികൾ വേഗം തീർപ്പാക്കി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനാകും. നാഷണൽ ഹൈവേയ്സ് ആക്റ്റ് 1956ലെ 3 സി വകുപ്പ് പ്രകാരം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ വിജ്ഞാപനം ചെയ്യുന്നതോടെ ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. പരാതി പരിഹാരത്തിന് നെയ്യാറ്റിൻകരയിൽ അനുവദിച്ച ഓഫീസിൽ മതിയായ ജീവനക്കാരില്ലെന്നാണ് പരാതി.

ഭൂമി ഏറ്റെടുക്കേണ്ട

താലൂക്കുകളിലെ വില്ലേജുകൾ

ചിറയിൻകീഴ് താലൂക്ക്: കരവാരം, കിളിമാനൂർ, കൊടുവഴന്നൂർ, നഗരൂർ,പുളിമാത്ത്, വെള്ളല്ലൂർ.

വർക്കല താലൂക്ക്: കടവൂർ, നാവായിക്കുളം.

കാട്ടാക്കാട താലൂക്ക്: കുളത്തുമ്മൽ, മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ.

തിരുവനന്തപുരം താലൂക്ക്: അണ്ടൂർക്കോണം, കീഴ്തോന്നയ്ക്കൽ, വെയിലൂർ, വെങ്ങാനൂർ.

നെടുമങ്ങാട് താലൂക്ക്: അരുവിക്കര, കരകുളം, കോലിയക്കോട്, നെടുമങ്ങാട്,

മാണിക്കൽ, പുല്ലമ്പാറ, തേക്കട, വാമനപുരം, വട്ടപ്പാറ, വെമ്പായം.

നെയ്യാറ്റിൻകര താലൂക്ക്: ബാലരാമപുരം, കോട്ടുകാൽ, പള്ളിച്ചൽ