ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാതല കായിക മേള, ഉപജില്ലാ പരിധി വിട്ട് കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായി. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ആവശ്യത്തിന് സൗകര്യങ്ങളുള്ളപ്പോഴാണ് കുട്ടികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കി കാര്യവട്ടത്ത് കായികമേള നടത്താൻ തീരുമാനിച്ചത്.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം എല്ലാ സൗകര്യങ്ങളോടും കൂടി ജനങ്ങൾക്ക് തുറന്നു കൊടുത്തു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഒരു നീക്കം. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട ഉദ്ഘാടനം നടന്നത്. വാഹന സൗകര്യം ഇല്ലാത്ത പൊതു വിദ്യാലയങ്ങളിലെ കായികതാരങ്ങളായ കുറേപ്പേർ സ്വന്തം കയ്യിൽ നിന്നു കാശു മുടക്കി 30 ലേറെ കിലോമീറ്റർ ദൂരം സഞ്ചരിച്ച് കാര്യവട്ടത്ത് എണമെന്നതാണ് പ്രതിഷേധത്തിന് കാരണം.
കുട്ടികൾ ഇത്രയും ദൂരം സഞ്ചരിച്ചെത്തി ശാരീരികമായി തളരുന്ന സാഹചര്യത്തിൽ വേണം മത്സരങ്ങളിൽ പങ്കെടുക്കേണ്ടതെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ധ്യാപകർ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഉപജില്ലാതല പരിധി വിട്ടു മറ്റൊരു സ്ഥലത്ത് മേള നടത്തുന്നത്. ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി എല്ലാ സൗകര്യങ്ങളും ഉള്ള ശ്രീപാദം സ്റ്റേഡിയം മേളയ്ക്കായി അനുവദിച്ചു നൽകണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.