കിളിമാനൂർ: കിളിമാനൂർ - ആലംകോട് റോഡ് ഇനി രാജാ രവിവർമ്മ റോഡ് എന്ന പേരിൽ അറിയപ്പെടും. പുനർ നാമകരണം നൽകുന്നതിന് അനുമതി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. രവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും ഇരുന്നൂറ് മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ റോഡിന് നിലവിൽ മറ്റ് പേരുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. വിദേശിയരും സ്വദേശികളുമായ നിരവധി പേർ കൊട്ടാരത്തിൽ എത്തുന്നത് ഈ റോഡ് വഴിയാണ് മാത്രവുമല്ല ചരിത്ര ഗവേഷകർക്കുൾപ്പെടെ പ്രയോജപ്പെടുന്ന തരത്തിൽ ഈ റോഡിന് രവി വർമ്മയുടെ പേര് നൽകണമെന്ന കിളിമാനൂർ പഞ്ചായത്ത് ഐക്യകണ്ഠേന തീരുമാനമെടുത്ത് അംഗീകരിക്കുകയും പൊതുമരാമത്ത് വകുപ്പിന് അപേക്ഷ സമർപ്പിക്കുകയുമായിരുന്നു. തുടർന്നാണ് സർക്കാർ അനുമതി നൽകിയത്.