
തിരുവനന്തപുരം: കുണ്ടമൺകടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. കത്തിച്ചത് താൻ തന്നെയാണെന്ന പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞതിലും സന്തോഷമുണ്ട്. അന്വേഷണം മതിയാക്കിയെന്ന് പ്രചാരണമുണ്ടായപ്പോഴും താൻ ഇതിന് പിന്നാലെയുണ്ടായിരുന്നു. ആശ്രമം കത്തിച്ചെന്ന് പറയുന്ന പ്രകാശിനെ മുൻപരിചയമുണ്ട്. അയാൾ മുൻപ് ആശ്രമത്തിലെത്തി ബഹളം ഉണ്ടാക്കിയിട്ടുണ്ട്. പ്രകാശിന്റെ മരണവും സഹോദരന്റെ സംശയവുമെല്ലാമാണ് കേസിന്റെ ചുരുളഴിക്കാനുള്ള കൃത്യമായ വഴി തുറന്നത്. ആശ്രമത്തിനു തീയിട്ടത് പ്രകാശ് ഒറ്റയ്ക്കല്ലെന്നാണ് സഹോദരന്റെ മൊഴി. സമഗ്ര അന്വേഷണം നടത്തിയാൽ സകല സത്യവും പുറത്തുവരും.