
നെടുമങ്ങാട്: കേബിൾ ടിവി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നശിപ്പിക്കുന്നതായി വ്യാപക പരാതി. നെടുമങ്ങാടും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പ് തീയതിക്ക് മുമ്പ് കെ.എസ്.ഇ.ബി അധികൃതർ ഒപ്റ്റിക്കൽ ഫൈബറുകൾ നശിപ്പിക്കുകയാണെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖലാ കമ്മിറ്റി കെ.എസ്.ഇ.ബി നെടുമങ്ങാട് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് പരാതി നൽകി. പോസ്റ്റുകൾക്ക് കൃത്യമായി തുക അടയ്‌ക്കാറുണ്ടന്നും മുൻകൂർ അറിയിപ്പില്ലാതെ ഫൈബറുകൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പരാതി പരിഗണിക്കാമെന്നും മുന്നറിയിപ്പില്ലാതെ ഫൈബറുകൾ നീക്കം ചെയ്യുന്നത് ഒഴിവാക്കുമെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ ഉറപ്പുനൽകി. സി.ഒ.എ മേഖല കമ്മിറ്റി പ്രസിഡന്റ് സനൽകുമാർ, സെക്രട്ടറി എസ്. സുരേഷ്ബാബു, നേതാക്കളായ ലിബി,വിനോദ് ചന്ദ്രൻ, സതീശൻ, ജയപ്രകാശ്, ഹരികുമാർ, സജു, ഷാജി തുടങ്ങിയവർ പങ്കെടുത്തു.