
തിരുവനന്തപുരം: സംരംഭക വർഷത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ്.ഒരു വർഷം കൊണ്ട് ഒരു ലക്ഷം പദ്ധതികൾ ലക്ഷ്യമിട്ടതിൽ 83200 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു.ഈ സംരംഭങ്ങളിലൂടെ 181850 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചു.നിക്ഷേപത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം,മലപ്പുറം ജില്ലകളാണ്.ഈ രണ്ട് ജില്ലകളിലുമായി 1286 കോടി രൂപയുടെ നിക്ഷേപമുണ്ടായി.കോഴിക്കോട് ജില്ലയിലും 500 കോടിയോളം രൂപയുടെ നിക്ഷേപം ഈ പദ്ധതിയിലൂടെ രേഖപ്പെടുത്തി. മലപ്പുറം,എറണാകുളം,കൊല്ലം,തൃശൂർ എന്നീ ജില്ലകളിൽ എട്ടായിരത്തിലധികം സംരംഭങ്ങൾ നിലവിലുണ്ട്.തിരുവനന്തപുരം,കോഴിക്കോട്,പാലക്കാട് ജില്ലകളിൽ ആറായിരത്തിലധികം സംരംഭങ്ങളുമുണ്ട്.കൊല്ലം,തൃശൂർ,എറണാകുളം,പാലക്കാട്,കോഴിക്കോട്,തിരുവനന്തപുരം,മലപ്പുറം ജില്ലകളിലെല്ലാം പതിനഞ്ചായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു.