bindhu

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഡിസംബറിൽ നിയമസഭ ചേർന്ന് ബിൽ പാസാക്കുമെന്നും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഓർഡിനൻസ് കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം ഉണ്ടാകില്ല. ഓർഡിനൻസ് നിലവിൽ വരുമ്പോഴാണ് പ്രസക്തമാകുന്നത്. അതുവരെ സർവകലാശാലകളിൽ തത്‌സ്ഥിതി തുടരും.

ഓർഡിനൻസിൽ വിയോജിപ്പോ അപാകതയോ ഉണ്ടെങ്കിൽ ഗവർണർ അത് ചൂണ്ടിക്കാട്ടി മടക്കി അയയ്ക്കണം. ഒരു വർഷമായി സർവകലാശാലയുമായി ബന്ധപ്പെട്ട ബിൽ ഗവർണറുടെ മുന്നിലുണ്ട്. ഇതുവരെ അതിലെ അപാകത എന്താണെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ല.

കലാസംഗീത സമന്വയം

ഉദ്ഘാടനം നാളെ

സംസ്ഥാനത്തെ ഗവ. സംഗീത, ഫൈൻ ആർട്സ് കോളേജുകളിലെ വിദ്യാർത്ഥികൾക്കുള്ള ദ്വിദിന കലാസംഗീത സമന്വയം 'സ' 22' നാളെ രാവിലെ 10ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകളുടെ പ്രഖ്യാപനവും മന്ത്രി നടത്തും. രാവിലെ 10മുതൽ രാത്രി 10വരെയാണ് സംഗീത കലാവിരുന്ന്. ഫ്രീഡം വാൾ പദ്ധതിയ്ക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിന് ഒരു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.