ബാലരാമപുരം: തെരുവ് നായ്ക്കൾ വഴിയാത്രക്കാരെ ഓടിച്ചിട്ട് ആക്രമിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. ബാലരാമപുരം - കാട്ടാക്കട റോഡിൽ കെ.കെ.പി മില്ലിന് സമീപം വഴിയാത്രക്കാരനായ തണ്ണിക്കുഴി പള്ളിയറത്തല കുളത്തിൻകരവീട്ടിൽ വിൻസെന്റ് ( 61)ആണ് തെരുവ് നായ ആക്രമണത്തിന്റെ ഒടുവിലത്തെ ഇര. ​കാലിൽ ഗുരുതര പരിക്കേറ്റ വിൻസെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.റോഡിലൂടെ നടന്നുപോകവെ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നെന്നും മുൻപും ഇതുവഴി കടന്നുപോകുമ്പോൾ നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ മാർജിൻ ഫ്രീമാർക്കറ്റിന് സമീപം തെരുവ് നായ്ക്കൾ താവളമാക്കിയതാണ് അത്യാഹിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് തെരുവ് നായ ബൈക്കിന് കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. ബാലരാമപുരം ശ്രീപത്മനാഭ ബാറിലെ ജീവനക്കാരൻ കിരണിനാണ് പരിക്കേറ്റത്. ചാനൽപ്പാലം റസ്സൽപ്പുരം റോഡിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ തെരുവ് നായ ബൈക്കിന് കുറുകെ ചാടി യുവാവിന്റെ കാലിനും പരിക്കേറ്റിരുന്നു. സഡൻ ബ്രേക്ക് ചെയ്തതതിനെ തുടർന്ന് റോഡിൽ മറിഞ്ഞുവീഴുകയായിരുന്ന യുവാവിന്റെ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. തെരുവുവിളക്കുകൾ ഇല്ലാത്ത പ്രധാന കവലകളിലും നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പേരാണ് നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ജില്ലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കൾക്ക് വന്ധ്യംകരണം നടത്തുതിനുള്ള നടപടികൾ നഗരസഭയുടെ കീഴിൽ ആരംഭിച്ചെങ്കിലും പഞ്ചായത്ത് തലത്തിലത് പരാജയപ്പെട്ടിരുന്നു.