c

തിരുവനന്തപുരം: മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതി സന്തോഷുമായി പേരൂർക്കട പൊലീസ് ഇന്ന് തെളിവെടുക്കും. കുറവൻകോണത്തെ വീട്ടിൽ കയറിയകേസിലും പേരൂർക്കടയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലുമാണ് തെളിവെടുപ്പ്.

ഇന്നലെ സന്തോഷിനെ രണ്ടുദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നും നാളെയും തെളിവെടുപ്പ് നടത്തി ശനിയാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. വനിതാ ഡോക്ടറെ ആക്രമിക്കുന്നതിന് മുമ്പാണ് സന്തോഷ് കുറവൻകോണത്തെ വീട്ടിൽ രാത്രിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട രണ്ടു സ്ഥലങ്ങളിലും സന്തോഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പേരൂർക്കട സി.ഐ പറഞ്ഞു.

വനിതാ ഡോക്ടർക്കുനേരെ ആക്രമണമുണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആ പരിസരങ്ങളിലായിരുന്നെന്ന് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിലാണ് പേരൂർക്കടയിൽ പെൺകുട്ടിയെ ആക്രമിച്ചത് ഇയാളാണെന്ന് വ്യക്തമായത്.