
ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത് സഹോദരൻ
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്
തിരുവനന്തപുരം: നാലു കൊല്ലം മുമ്പ് കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടത് കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്ത പുളിയറക്കോണം തുരുത്തുംമൂലയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശും (26) സുഹൃത്തുക്കളും ചേർന്നാണെന്ന് ഇയാളുടെ സഹോദരൻ പ്രശാന്തിന്റെ മൊഴി. രണ്ടാഴ്ച മുമ്പാണ് ഈ മൊഴി നൽകിയതെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട പ്രകാശിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിന് ദിവസങ്ങൾക്കു മുമ്പ് സഹോദരന് മർദ്ദനമേറ്റിരുന്നുവെന്നും പ്രശാന്ത് മൊഴി നൽകി. പ്രകാശിന്റെ സുഹൃത്തുക്കളായ മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറി.
സഹോദരന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അഡി. ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. വിളപ്പിൽ പൊലീസ് അന്വേഷിച്ചിരുന്ന പ്രകാശിന്റെ ആത്മഹത്യക്കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ആശ്രമം കത്തിച്ച സംഭവം ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ നാല് സംഘങ്ങളും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാനിരുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തി നിൽക്കെ, 2018 ഒക്ടോബർ 27ന് പുലർച്ചെ 2.30നായിരുന്നു സംഭവം. ആശ്രമത്തിലെ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
പ്രശാന്തിന്റെ മൊഴി
അനുജൻ പ്രകാശ് മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുമ്പാണ് ആശ്രമം കത്തിച്ചതിനെക്കുറിച്ച് തന്നോട് പറഞ്ഞത്. ജഗതിയിൽവച്ച് സഹോദരന്റെ കൂട്ടുകാരനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ അവൻ ആകെ അസ്വസ്ഥനായി. ആ അറസ്റ്റിനുശേഷം രണ്ടു മൂന്ന് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. താനും കുണ്ടമൺകടവിലെ ചില ചേട്ടൻമാരും ചേർന്നാണ് ആശ്രമം കത്തിച്ചതെന്നാണ് പറഞ്ഞത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൻ വീട്ടിലില്ലായിരുന്നു. സഹോദരന്റെ മരണശേഷം അവന്റെ കൂട്ടുകാരുടെ ഭാഗത്തുനിന്ന് തനിക്ക് ഭീഷണിയുണ്ടായി. കൂട്ടുപ്രതികളുടെ ജീവിതം തുലയ്ക്കരുത്, സംഭവം പുറത്തറിഞ്ഞാൽ അവരുടെ വീട്ടിലെ സ്ത്രീകൾ വല്ല കടുംകൈയും ചെയ്യും എന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണി. അവന്റെ മരണശേഷം ഒരാളെയും ഇങ്ങോട്ട് കണ്ടിട്ടില്ല.