തിരുവനന്തപുരം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ ഏറ്റവും തിരക്കേറിയ വലിയകട മുതൽ ശാർക്കര വരെയുള്ള ഒരുകിലോമീറ്റർ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായ സർവേയും കല്ലിടലും ആരംഭിച്ചു. ശാർക്കര ജംഗ്ഷനിൽ ആദ്യ കല്ലിട്ടുകൊണ്ട് ഭൂമിയേറ്റെടുക്കൽ നടപടികളുടെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. നിലവിൽ 7.5 മീറ്റർ വീതിയുള്ള റോഡ് ഇരുവശവും വീതി കൂട്ടി 14 മീറ്ററാക്കാനാണ് പദ്ധതി. ഇതിനായി ബഡ്ജറ്റിൽ 8.75 കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിലെ 400 മീറ്റർ ദൂരം വീതി കൂട്ടാനുള്ള നടപടികളും പരോഗമിക്കുന്നു.

ഭൂമിയേറ്റെടുക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കി ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള നടപടികളും വേഗത്തിൽ പരോഗമിക്കുകയാണ്. ചിറയിൻകീഴിൽ നിന്ന് കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. കെ.എസ്.ആർ. ടി .സി, സ്വകാര്യ ബസുകൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാത ഉപയോഗിക്കുന്നത്. റോഡ് വികസനം യഥാർഥ്യമാകുന്നതോടെ ശാർക്കര ക്ഷേത്രത്തിലേക്കും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ഗതാഗത കുരുക്കില്ലാതെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കും.